അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍

 

വയനാട്: മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഒഴുകുന്നത് കോടികളുടെ മയക്കുമരുന്ന്. എംഡിഎംഎ, ഹാഷിഷ് ഓയിൽ അടക്കമുള്ള മാരക മയക്കുമരുന്നുകൾ എത്തുന്നത് കൂടുതലും യുവാക്കളിലേക്ക്. 724.12 ഗ്രാം എംഡിഎംഎയാണ് ആറു മാസത്തിനിടെ മാത്രം വയനാട്ടിൽ നിന്ന് പിടി കൂടിയത്. അതേസമയം മയക്കുമരുന്നിന്‍റെ ഒഴുക്ക് നിർബാധം തുടരുമ്പോഴും കാര്യക്ഷമമായ നടപടി സ്വീകരിക്കാന്‍ അധികൃതർക്ക് കഴിയുന്നില്ല.

ഡിജെ പാർട്ടികളിൽ അടക്കം ഒഴുകുന്നത് മാരക മയക്കു മരുന്നുകളാണ്. കഴിഞ്ഞ ദിവസം വയനാട്ടില്‍ ഡിജെ പാർട്ടിയിൽ നിന്നും എംഡിഎംഎ പിടിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 9 പേരാണ്. ഒമ്പതു പേരും യുവാക്കൾ. മെത്താം പിത്താമിൻ 5.828 ഗ്രാം, എൽഎസ്ഡി 0.119 ഗ്രാം, ഹാഷിഷ് ഓയിൽ 13.3 ഗ്രാം. ആറു മാസത്തിനിടെ വയനാട്ടിൽ നിന്ന് മാത്രമായി പിടി കൂടിയ ലഹരി വസ്തുക്കളുടെ വിവരങ്ങളാണിത്.

വയനാട്ടിൽ എത്തുന്ന ലഹരി വസ്തുക്കൾ മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനും ആളുകളുണ്ട്. വയനാട് അതിർത്തികളിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 11 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. അതിർത്തികൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷാജി പ്രതികരിച്ചു. മയക്കുമരുന്നിനു പുറമേ മദ്യക്കുപ്പികളും വയനാട്ടിലേക്ക് കടത്തുന്നത് പതിവാണ്. നടപടികൾ ശക്തമാക്കിയില്ലെങ്കിൽ വലിയ ദുരന്തമാകും ജില്ല നേരിടേണ്ടി വരുക.

Comments (0)
Add Comment