ലഹരിക്കടത്ത്: ബിനീഷ് കോടിയേരിക്കെതിരെ റിജേഷ് രവീന്ദ്രൻ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്; ‘ബി ക്യാപിറ്റൽ’ ബിനീഷിന്‍റേതാണെന്നതിനും തെളിവുകള്‍

Jaihind News Bureau
Friday, September 4, 2020

 

കോഴിക്കോട്: ലഹരിക്കടത്തിൽ ബിനീഷ് കോടിയേരിയുടെ  പങ്കിന് കൂടുതൽ തെളിവുകൾ പുറത്ത്.  കേസിലെ രണ്ടാം പ്രതിയായ റിജേഷ് രവീന്ദ്രൻ ബിനീഷ് കോടിയേരിക്കെതിരെ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി ക്യാപിറ്റൽ പണമിടപാട് സ്ഥാപനത്തിന്‍റെ  ഉടമ ബിനീഷ് കോടിയേരി ആണെന്നും  തെളിവുകൾ വ്യക്തമാക്കുന്നു.

സിപിഎം സംസ്ഥാന നേതൃത്വത്തെയും സർക്കാറിനെയും പ്രതിരോധത്തിലാക്കിയാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും വസ്തുതകളും പുറത്തുവരുന്നത്.  അറസ്റ്റിലായ അനൂപ് മുഹമ്മദിന് ലഹരിക്കടത്ത് ഉണ്ടായിരുന്നെന്ന് അറിയില്ലെന്നായിരുന്നു  ബിനീഷ് കോടിയേരി ആവർത്തിച്ചിരുന്നത്. എന്നാല്‍ ബിനീഷിന്‍റെ അവകാശവാദങ്ങൾ എല്ലാം തള്ളിക്കൊണ്ടാണ് കൂടുതൽ തെളിവുകൾ പുറത്തു വരുന്നത്. കേസിലെ രണ്ടാം പ്രതിയായ റിജേഷ് രവീന്ദ്രന്‍റെ മൊഴി അനുസരിച്ച് ബെംഗളൂരു ആസ്ഥാനമായ ഹയാത്ത് ഹോട്ടൽ ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ ഹോട്ടൽ കേന്ദ്രമാക്കി മയക്കുമരുന്ന് വിപണനവും നടന്നിരുന്നു.

ഹക്കീം, മിഥുൻ എന്നിവർ മുഖേനയാണ് തനിക്ക് ഈ സ്ഥാപനവുമായി ബന്ധമെന്നും റിജേഷ് രവീന്ദ്രൻ വ്യക്തമാക്കുന്നു. ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ള ‘ബി ക്യാപിറ്റൽ ഫിനാൻസ് സർവീസ്’ എന്ന പണമിടപാട് സ്ഥാപനം 2015 രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണൂർ ധർമടം സ്വദേശിയായ അനസ് ആണ് ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി എന്നും വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ഈ സ്ഥാപനത്തിന് ലഹരി കടത്തു കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബന്ധമുണ്ടോ എന്നും അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്.