തിരുവനന്തപുരം: രണ്ടാഴ്ചയായി തുടരുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം ഒത്തുതീർപ്പായി. സംയുക്തസമരസമിതി സമരം പിൻവലിച്ചു. നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റുകൾ പുനഃരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ സർക്കുലർ പിൻവലിക്കില്ല. പകരം സർക്കുലറിൽ ഭേദഗതി വരുത്തും. ഡ്രൈവിംഗ് സ്കൂളുകൾ മുന്നോട്ടുവെച്ച ഒട്ടുമിക്ക ആവശ്യങ്ങളും ഗതാഗത മന്ത്രിയും മോട്ടോർ വാഹന വകുപ്പും അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീർപ്പായത്.
ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും മുൻ നിലപാടുകളിൽ നിന്നും കടുംപിടുത്തങ്ങളിൽ നിന്നും പിന്നോട്ട് പോയതോടെയാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം ഒത്തുതീർപ്പായത്. ഡ്രൈവിംഗ് സ്കൂളുകൾ മുന്നോട്ടുവെച്ച ഒട്ടുമിക്ക ആവശ്യങ്ങളും ഗതാഗത മന്ത്രിയും മോട്ടോർ വാഹന വകുപ്പും അംഗീകരിച്ചു. ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 40 ആയി നിജപ്പെടുത്തിയതിൽ നിന്നും അപേക്ഷകരുടെ എണ്ണമനുസരിച്ച് ഓരോ കേന്ദ്രങ്ങളിലും വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. മോട്ടോർ വാഹന വകുപ്പ് ഇറക്കിയ സർക്കുലർ പിൻവലിക്കാതെ കാതലായ മാറ്റങ്ങളോടെ പരിഷ്കരിക്കുവാൻ ധാരണയായി. ഡ്രൈവറിനൊപ്പം ഇടതു വശത്തും ക്ലച്ചും ബ്രേക്കുമുള്ള വാഹനം ഉപയോഗിക്കരുതെന്ന തീരുമാനം പിൻവലിച്ചു. 15വർഷത്തിലധികം പഴക്കമുള്ള വാഹനം ഉപേക്ഷിക്കണമെന്ന തീരുമാനം മാറ്റി 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തു.
ഡ്രൈവിംഗ് ടെസ്റ്റുകൾ മോട്ടോർ വാഹന വകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലങ്ങളിലേക്ക് പരമാവധി മാറ്റും. കേരളത്തിലെ ലൈസൻസ് നല്ല മൂല്യമുള്ള ലൈസൻസ് ആക്കി മാറ്റുമെന്നും കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് സമരസമിതി അറിയിച്ചു. പതിനാലാം ദിവസവും സമരം ശക്തമായി തുടർന്നതോടെ ഇടതു മുന്നണിക്കുള്ളിൽ നിന്നു പോലും മന്ത്രിക്ക് എതിരെ വിമർശനം ഉയർന്നതോടെയാണ് ഗണേഷ് കുമാർ നിലപാട് തിരുത്തി അനുരഞ്ജന പാത തുറന്നത്.