‘പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍’; പ്രവാസികള്‍ക്കുള്ള ഡ്രീം കേരള പദ്ധതി മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ട് വാഗ്ദാനം

Jaihind News Bureau
Thursday, July 2, 2020

 

പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച ഡ്രീം കേരള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍റെ തട്ടിക്കൂട്ട് വാഗ്ദാനം. ഒന്നാം ലോക കേരള സഭയില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളും വാഗ്ദാനങ്ങളും തന്നെയാണ് ഡ്രീം കേരള പദ്ധതിയിലും ആവർത്തിക്കുന്നത്. ഒന്നാം ലോക കേരള സഭയ്ക്ക് രണ്ട് വർഷങ്ങള്‍ക്ക് ഇപ്പുറവും ഒരു ശുപാർശ പോലും നടപ്പാക്കാന്‍ സർക്കാരാനായിട്ടില്ല എന്ന വസ്തുത നിലനില്‍ക്കെയാണ് ശ്രദ്ധേയം.

‘പ്രവാസി വ്യവസായ വാണിജ്യ സംരംഭകരുമായി സജീവ ബന്ധം പുലര്‍ത്തുന്നതിന് പ്രവാസി വാണിജ്യ ചേംബര്‍ രൂപീകരിക്കും, കേരള വികസന നിധി രൂപികരിക്കും, പ്രവാസി സംരക്ഷണ പദ്ധതി –  രോഗബാധിതരാകുന്നവര്‍ക്ക്, അപകടത്തില്‍പ്പെടുന്നവര്‍ക്ക്, തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക്, സംരക്ഷണം നല്‍കാന്‍ കഴിയുന്ന വിധം വികസന പദ്ധതികള്‍ക്ക് രൂപം കൊടുക്കും’ എന്നിങ്ങനെയായിരുന്നു ലോക കേരള സഭയിലെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍. ഒന്നാം ലോക കേരള സഭയുടെ ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നുവെന്നും ഇവ നടപ്പാക്കാന്‍ എന്ത് നടപടികള്‍ സീകരിച്ചുവെന്നും നിയമസഭയില്‍ കെ.സി ജോസഫ് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി തന്നെയാണ് മറുപടി നല്‍കിയത്. എന്നാല്‍ വാഗ്ദാനങ്ങള്‍ നല്‍കി രണ്ട്  വര്‍ഷം കഴിഞ്ഞിട്ടും ഇവ നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല.

ഇതിനുപുറമേയാണ് പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്‍റെ സമഗ്ര വികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയില്‍ സ്വീകരിക്കുന്ന പ്രോജക്ടുകള്‍ നൂറ് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് പ്രധാന വാഗ്ദാനം. രണ്ട് വര്‍ഷം മുന്‍പ് ലോക കേരള സഭയിലും നിയമ സഭയിലും നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്ത സര്‍ക്കാരാണ് നൂറ് ദിവസം കൊണ്ട് എല്ലാം നടപ്പാക്കുമെന്ന വാദം ഉന്നയിക്കുന്നത്.

കൊവിഡ് കാലത്ത് പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കത്തിന് തുടര്‍ച്ചയായി തടസം നില്‍ക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കണ്ണില്‍പ്പൊടിയിടല്‍ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് സ്വയം വഹിക്കണമെന്നായിരുന്നു സര്‍ക്കാരിന്‍റെ ആദ്യ നിര്‍ദ്ദേശം. ഇതിനുശേഷം നാട്ടിലേക്ക് മടങ്ങുന്നതിനായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ പി.പി.ഇ  കിറ്റ് ഉപയോഗിക്കണമെന്ന വാദവുമായി വീണ്ടും രംഗത്തെത്തി. ഇത്തരത്തില്‍ പ്രവാസികളെ ദുരിതത്തിലേക്ക് തള്ളിയിട്ട പിണറായി സർക്കാരാണിപ്പോള്‍ ഡ്രീം കേരള എന്ന മോഹനവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.