രണ്ടാം ഹോം മാച്ചിലും കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

Jaihind Webdesk
Sunday, October 21, 2018

ഐ.എസ്.എൽ അഞ്ചാം സീസണിലെ രണ്ടാം ഹോം മാച്ചിലും കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഡൽഹി ഡൈനാമോസായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

വിദേശ താരങ്ങളുടെ എണ്ണം വെട്ടിക്കുറച്ച പരിശീലകൻ ഡേവിഡ് ജെയിംസിന്‍റെ പരീക്ഷണം വീണ്ടും പിഴച്ചു. ലീഡ് നേടിയിട്ടും പ്രതിരോധത്തിലെ പിഴവും ആവർത്തിച്ചു. ആദ്യപകുതിയിൽ എതിരാളിക്കുമേൽ നേടിയ ആധിപത്യം അന്തിമ വിശകലനത്തിൽ ഡൽഹിയുടെ നേട്ടമായി.

രണ്ടാംപകുതിയുടെ തുടക്കത്തിൽ മുഴുവൻ ആവേശവും കാലുകളിൽ ആവാഹിച്ചുപൊരുതി ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. ഈ ഘട്ടത്തിൽമാത്രമായിരുന്നു കളിയിൽ ടീമിന് മേൽക്കൈ. എന്നാൽ മുൻതൂക്കം ജയംവരെ നിലനിർത്താനുള്ള മിടുക്കുണ്ടായില്ല കേരളത്തിന്. പകരക്കാരെക്കൊണ്ടുവന്ന് പ്രതിരോധം ഉറപ്പിക്കാൻ ജെയിംസ് ശ്രമിച്ചില്ല. പകരം ആക്രമിക്കാൻ ആളെ കൊണ്ടുവന്നു. അതിനു മൂർച്ചയും ഉണ്ടായില്ല. ഈ അവസരം മുതലാക്കി ഡൽഹി ഒപ്പമെത്തി. കഴിഞ്ഞ മത്സരത്തിൽ മുംബൈ എഫ്‌സിക്കെതിരെയും ബ്ലാസ്‌റ്റേഴ്‌സ് ഇതേ തെറ്റിലൂടെ രണ്ടു പോയിന്‍റ് നഷ്ടമാക്കിയിരുന്നു.

കഴിഞ്ഞ രണ്ടു കളിയിലും നാല് വിദേശതാരങ്ങളെ മാത്രം കളിപ്പിച്ച പരിശീലകൻ ജെയിംസ് ഇത്തവണ വിദേശികളുടെ എണ്ണം മൂന്നാക്കിയത് അത്ഭുതപ്പെടുത്തി. പിൻനിരയിലും മധ്യനിരയിലും മുന്നേറ്റത്തിലും ഓരോ വിദേശികളെ മാത്രം പരിഗണിച്ചു. എന്നാൽ, മൂന്നാം മത്സരത്തിൽ പരിശീലകന്‍റെ വിശ്വാസം കാക്കാൻ സ്വദേശി താരങ്ങൾക്കായില്ല.

കഴിഞ്ഞ രണ്ടു മത്സരത്തിലും തുടക്കം മുതൽ നടത്തിയ കുതിപ്പ് ശനിയാഴ്ച ബ്ലാസ്റ്റേഴ്‌സിന് അന്യമായി. ഒത്തിണക്കമില്ലായ്മ ഓരോ താരത്തിന്‍റെയും പന്തുതട്ടലിൽ തെളിഞ്ഞുകണ്ടു. ഈ സീസണിൽ ആദ്യമായി ഒന്നാം ഇലവനിൽ ഇടംകണ്ട വിനീത് തുടക്കത്തിൽ മങ്ങി. ആദ്യപകുതിയിൽ ഇരുകൂട്ടർക്കും ചില അവസരങ്ങൾ ലഭിച്ചു. ഡൽഹിക്കായിരുന്നു അവസരങ്ങൾ കൂടുതൽ ലഭിച്ചത്.

മൂന്നു തവണ അവർ ഗോളിനടുത്തെത്തി. കിട്ടിയ അപൂർവ അവസരങ്ങൾ ഗോളിലേക്കെത്തിക്കാൻ ആതിഥേയർക്കായില്ല. രണ്ടാംപകുതിയുടെ തുടക്കം തികച്ചും രൂപമാറ്റംവന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് കണ്ടത്. മൂന്നു മിനിറ്റിനകം ഫലം കണ്ടു. സ്റ്റോയ്‌നോവിച്ചിന്‍റെ കോർണറിൽനിന്നായിരുന്നു ഗോൾ പിറന്നത്. പെനൽറ്റി സ്‌പോട്ടിനടുത്ത് വീണ കോർണർ കിക്ക് കൂട്ടപ്പൊരിച്ചിലിനിടെ വിനീത് പന്ത് വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റി.

ലീഡ് നേടിയിട്ടും ആക്രമിക്കാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ പദ്ധതി. വിസിൽ മുഴങ്ങാൻ മിനിറ്റുകൾ ശേഷിക്കെ ഡൽഹി കളി മുറുക്കി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്‍റെ ആശയക്കുഴപ്പം മുതലെടുത്ത് സമനിലയും പിടിച്ചു.[yop_poll id=2]