‘ധനവകുപ്പിന് കൊറോണ ബാധിച്ചിട്ട് നാല് വർഷം’ ; തോമസ് ഐസക്കിനോട് മൂന്ന് ചോദ്യങ്ങളുമായി ഡോ. ശൂരനാട് രാജശേഖരൻ

Jaihind News Bureau
Saturday, April 4, 2020

അനുദിനം വഷളാകുന്ന സംസ്ഥാനത്തിന്‍റെ സാമ്പത്തികനിലയിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമർശനവുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരൻ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഇത്ര മോശമാക്കിയത് തോമസ് ഐസക്കിന്‍റെ കഴിവുകേടും മിസ്മാനേജ്മെന്‍റും കാരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്‍റെ ധനകാര്യവകുപ്പിന് കൊറോണ ബാധിച്ചിട്ട് നാല് വർഷമായെന്നും ഡോ. ശൂരനാട് രാജശേഖരന്‍ പരിഹസിച്ചു. സാലറി ചലഞ്ചിന്‍റെ പേരിൽ ജീവനക്കാരെ വിരട്ടുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്. ഖജനാവിൽ ചില്ലിക്കാശില്ല എന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക്കിനോട് മൂന്ന് ചോദ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.

1. നാല് കൊല്ലം കൊണ്ട് കേരളത്തിന്‍റെ മൊത്തം കടബാധ്യത 1 ലക്ഷം കോടി വർധിച്ച് 2.70 ലക്ഷം കോടിയായത് കൊറോണ കാരണമാണോ? താങ്കളുടെ കഴിവുകേടും മിസ്മാനേജ്‌മെന്‍റും കൊണ്ടല്ലേ?

2. കേരളത്തിന്‍റെ ആളോഹരി കടം 72,000 രൂപയായി ഉയർന്നത് കൊറോണ കാരണമാണോ?

3. താങ്കൾ ധനകാര്യമന്ത്രി ആയതിന് ശേഷം നികുതി പിരിക്കാൻ സാധിക്കാത്തത് 32,000 കോടിയാണ്. ഇത് നികുതി പിരിവിലെ അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണെന്ന് പറഞ്ഞാൽ അങ്ങ് നിഷേധിക്കുമോ?