കേരളത്തിന്‍റെ സുസ്ഥിര വികസനത്തിന്‌ പുതിയ കാഴ്ചപ്പാട്‌ ആവശ്യം : ഡോ. ശശി തരൂര്‍ എംപി

Jaihind News Bureau
Saturday, July 25, 2020

സംസ്ഥാനത്തിന്‍റെ സുസ്ഥിര വികസനത്തിന്പുതിയ കാഴ്ചപ്പാട്‌ ആവശ്യമാണെന്ന്‌ ഡോ.ശശി തരൂര്‍ എംപി. പബ്ലിക്‌ പോളിസി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ കെ. എം. മാണി അനുസ്മരണ പ്രഭാഷണം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാവസായിക വളര്‍ച്ചക്കാവശ്യമായ മൂലധന നിക്ഷേപത്തിന്‌ പ്രോത്സാഹനം നല്‍കുന്ന നയങ്ങള്‍ നടപ്പിലാക്കിയാലേ വിദേശ നിക്ഷേപം ഉള്‍പ്പെടെ മൂലധന നിക്ഷേപങ്ങള്‍ക്കു അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയുള്ളവെന്നും അദ്ദേഹം പറഞ്ഞു.

വ്യാവസായിക നിക്ഷേപങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്ന തൊഴില്‍ സംസ്കാരം ഒഴിച്ചുകൂടാനാവാത്തതാണെന്ന് പറഞ്ഞ അദ്ദേഹം, തന്‍റെ കൂടി ശ്രമഫലമായി ബി.എം.ഡബ്ല്യു കമ്പനി സ്ഥാപിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായി വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ കമ്പനിയുടെ വിദേശ പ്രതിനിധികള്‍ കേരളത്തില്‍ എത്തിയപ്പോള്‍ അവരെ സ്വാഗതം ചെയ്തത്‌ അടച്ചപൂട്ടിയുള്ള ഹര്‍ത്താലായിരുന്നെന്നും, അതോടെ കേരളത്തിന്‌ ലഭിക്കേണ്ട കാര്‍ നിര്‍മാണ പ്ലാന്‍റ്‌ തമിഴ്നാട്ടിലേക്ക്‌ പോയെന്ന കാര്യവും ഓര്‍മിപ്പിച്ചു. അനാവശ്യമായ ഹര്‍ത്താലുകളും സമരങ്ങളും അക്രമാസക്തമായ സമരങ്ങളും വ്യാവസായിക രംഗത്തുനിന്നും ഒഴിവാക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമന്വയം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളില്‍ കൊവിഡ്‌ വരുത്തിയ പ്രതിസന്ധിയും, അറബ്‌ രാജ്യങ്ങളിലെ സ്വദേശിവത്കരണവും ഒട്ടേറെ മലയാളികളുടെ തിരിച്ചുവരവിന്‌ ഇടയാക്കുമെന്നും, സംസ്ഥാനത്തേക്കുള്ള വിദേശ നാണ്യ വരവില്‍ അത്‌ ഇരുപതു ശതമാനത്തോളം കുറവ്‌ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ നൈപുണ്യ, വികസനം, വിനോദ സഞ്ചാരം, മത്സ്യബന്ധനം, കൃഷി, പുഷ്പകൃഷി തുടങ്ങിയ മേഖലകളില്‍ തൊഴില്‍ സാധ്യതയും സാമ്പത്തിക വളര്‍ച്ചയുമുണ്ടാക്കുമെന്നും അതിനു സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡയറക്ടര്‍ ഡോ. ജോസ്‌ ജേക്കബ്‌ സ്വാഗതവും റെജിസ്ട്രാര്‍ പി. എസ്‌. ശ്രീകുമാര്‍ കൃതജ്ഞതയും പറഞ്ഞു. ഡോ. എസ്‌. മോഹനകുമാര്‍, ഡോ. ടി. അരുണ്‍, ഡോ. ബര്‍ണി സെബാസ്റ്റ്യന്‍, എം. പി. ജോസഫ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.