ദേവസ്വം മന്ത്രിയെന്ന ഭാഗം നീക്കി, കെ.കെ ബാലകൃഷ്ണന്റെ വിക്കീപീഡിയ പേജ് തിരുത്തി സൈബര്‍ സഖാക്കള്‍ ; ജനത്തെ കബളിപ്പിക്കുന്ന രാഷ്ട്രീയ അശ്ലീലമെന്ന്‌ ഡോ.സരിന്‍

Jaihind Webdesk
Wednesday, May 19, 2021

 

പാലക്കാട് : കെ.രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കിയത് ചരിത്രതീരുമാനമെന്ന സിപിഎം പ്രചാരണം പൊളിഞ്ഞതിനുപിന്നാലെ കോണ്‍ഗ്രസ് നേതാവും ദേവസ്വം മന്ത്രിയുമായിരുന്ന കെ.കെ ബാലകൃഷ്ണന്റെ വിക്കീപീഡിയ പേജ് തിരുത്തി സൈബര്‍ സഖാക്കള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.സരിന്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ദേവസ്വം മന്ത്രിയായിരുന്നു എന്ന് വ്യക്തമാക്കുന്ന ഭാഗമാണ് നിമിഷാ പ്രസാദ് എന്നും അസീദ് കരീം എന്നും പേരുള്ള രണ്ടു വിക്കിപ്പീഡിയ അക്കൗണ്ടുകളിലൂടെ എഡിറ്റ് ചെയ്ത് മാറ്റിയത്. ചരിത്രം പോലും തിരുത്തിക്കുറിച്ചുകൊണ്ട് ഇങ്ങനെ പ്ലാൻ ചെയ്ത് സോഷ്യൽ മീഡിയ കാമ്പയിനുകൾ നടത്തുന്നത് സിപിഐഎമ്മിൻ്റെ സാധാരണ പ്രവർത്തകരാണ് എന്ന് വിശ്വസിക്കുക പ്രയാസമാണെന്നും സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘മുൻപ് റാംനാഥ് കോവിന്ദ് പ്രസിഡണ്ട് ആയപ്പോൾ ദളിതനായ ആദ്യത്തെ പ്രസിഡണ്ട് അദ്ദേഹമാണ് എന്ന രീതിയിൽ ആയിരുന്നു ബിജെപിയുടെ കാടിളക്കിയുള്ള പ്രചാരണം. സത്യത്തിൽ അത് കോൺഗ്രസ്സുകാരനായ ഡോ. കെ ആർ നാരായണൻ ആയിരുന്നു എന്നത് ഡിജിറ്റലായി മായ്ച്ചു കളയാൻ ഉള്ള വ്യഗ്രത. ചരിത്രത്തെ അപ്പാടെ തമസ്കരിച്ചു കൊണ്ട് പീ.ആർ കാമ്പയിനുകൾ മാത്രം വഴി ജനത്തെ കബളിപ്പിക്കുന്ന ഈ രാഷ്ട്രീയ അശ്ലീലം തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും നാം കണ്ടത്.

ജനവികാരത്തിന് ഒരു വിലയും കൽപ്പിക്കാതെ സത്യപ്രതിജ്ഞ ആർഭാടത്തോടെ നടത്തുന്നതും, മറ്റ് ഏകപക്ഷീയ തീരുമാനങ്ങളും കണ്ട് ഈ സർക്കാരിന് വോട്ട് ചെയ്ത നിഷ്പക്ഷ ജനങ്ങൾ ഇന്ന് അന്ധാളിപ്പിലാണ്. ഒന്നോർക്കുക, ഈ കാപട്യങ്ങളുടെ, കളവുകളുടെ ശില്പികലാണിന്ന് കേരളം ഭരിക്കുന്നത്.

ജാഗ്രത്തായത് കൊണ്ട് മാത്രം കാര്യമില്ല. കൊറോണയേക്കാൾ നമുക്കിടയിൽ അപകടം വിതയ്ക്കാൻ ശേഷിയുള്ളവരാണ് ഇക്കൂട്ടർ! ഇതെല്ലാം കയ്യോടെ പിടിച്ചാലും ന്യായീകരണം കൊണ്ട് വലിയ പട തന്നെയെത്തും എന്നറിയാം. ചിന്തിച്ചു വിലയിരുത്തുക!- സരിന്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.