മലങ്കര കത്തോലിക്കാ സഭ ഭദ്രാസനാദ്ധ്യക്ഷനായി ഡോ.സാമുവേൽ മാർ ഐറേനിയോസ് 8 ന് ചുമതലയേൽക്കും

Jaihind Webdesk
Thursday, June 6, 2019

പത്തനംതിട്ട : മലങ്കര കത്തോലിക്കാ സഭ ഭദ്രാസനാദ്ധ്യക്ഷനായി ഡോ.സാമുവേൽ മാർ ഐറേനിയോസ് 8 ന് ചുമതലയേൽക്കും. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ രാവിലെ 7.30 ന് സ്ഥാനമൊഴിയുന്ന ബിഷപ്പ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ദിവ്യബലിയർപ്പിക്കുന്നതോടെ സ്ഥാനാരോഹണ ശുശ്രൂഷകൾ ആരംഭിക്കും, സഭാദ്ധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകും. സഭയിലെ മറ്റ് മെത്രാപ്പോലീത്തമാർ സഹകാർമികരാകും. തുടർന്ന് യാത്രയയപ്പ്, അനുമോദന സമ്മേളനങ്ങൾ എന്നിവ നടക്കും.

പത്തനംതിട്ട ഭദ്രാസനത്തിലെ കടമ്മനിട്ട സെന്റ് ജോൺസ് ഇടവകാംഗമാണ് പുതിയ ഭദ്രാസനാദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ്. കടമ്മനിട്ട സർക്കാർ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സെന്റ് അലോഷ്യസ്, ആലുവ സെന്റ് ജോസഫ് എന്നീ സെമിനാരികളിൽ വൈദിക പഠനം പൂർത്തിയാക്കി. 1978 ഡിസംബറിൽ ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ എം.എ, എം.ഫിൽ, പി. എച്ച്.ഡി എന്നിവ നേടി.

തിരുവനന്തപുരം മാർ ഇൗവാനിയോസ് കോളേജിൽ അദ്ധ്യാപകനും അഞ്ചൽ സെന്റ് ജോൺസ്, തിരുവനന്തപുരം മാർ ഈവാനിയോസ് എന്നീ കോളേജുകളിൽ പ്രിൻസിപ്പാളുമായിരുന്നു. 2010 ൽ തിരുവന്തപുരം മേജർ അതിഭദ്രാസനത്തിന്റെ സഹായമെത്രാനായി നിയോഗിക്കപ്പെട്ടു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് പത്തനംതിട്ട ഭദ്രാസനത്തിൽ പിന്തുടർച്ചാവകാശമുള്ള ബിഷപ്പായി ചുമതലയേറ്റത്. നിലവിൽ കെ. സി. ബി.സി (കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ) വൈസ് പ്രസിഡന്റാണ്. വാർത്താ സമ്മേളനത്തിൽ രൂപതാ വികാരി ജനറൽ മോൺ. ജോൺ തുണ്ടിയത്ത് , പബ്ലിസിറ്റി ചെയർമാൻ ഫാ. കുര്യാക്കോസ് കൂത്തിനേത്ത് എന്നിവർ പങ്കെടുത്തു.