ഡോ. ശശി തരൂർ എംപിയുടെ വികസന രേഖ പ്രകാശനം ചെയ്തു

 

തിരുവനന്തപുരം: ലോക്സഭാ മണ്ഡലത്തിലെ കഴിഞ്ഞ 15 വർഷത്തെ വികസന ചരിത്രത്തിന്‍റെ നേർക്കാഴ്ച
കളുമായി ഡോ. ശശി തരൂർ എംപിയുടെ സമഗ്ര വികസനരേഖ പ്രകാശനം ചെയ്തു. 10 വർഷത്തെ മോദി ഭരണത്തിൽ എന്താണ് കേരളത്തിനും തിരുവനന്തപുരത്തിനും നൽകിയിട്ടുള്ളതെന്ന് ബിജെപിയും കേന്ദ്രസർക്കാരും വ്യക്തമാക്കണമെന്ന് ശശി തരൂർ എംപി ആവശ്യപ്പെട്ടു. പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ശശി തരൂരിന്‍റെ വികസനരേഖ ഏറ്റുവാങ്ങി.

കഴിഞ്ഞ 15 വർഷം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച ജനപ്രതിനിധി എന്ന നിലയിൽ ഡോ. ശശി തരൂർ നടത്തിയ വികസന പ്രവർത്തനങ്ങളും ദേശീയ അന്തർദേശീയ തലങ്ങളിലെ ഇടപെടലുകളുടെയും നേർക്കാഴ്ചയുമായിട്ടാണ് വികസനരേഖ പുറത്തിറങ്ങിയത്. വാഗ്ദാനങ്ങളെക്കാൾ പ്രധാന്യമുള്ളതാണ് ചെയ്ത കാര്യങ്ങൾ ജനങ്ങളെ ബോധിപ്പിക്കുന്നതെന്നും അതാണ് തരൂരിന്‍റെ വികസന രേഖയെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

മോദിയുടെ ഗ്യാരന്‍റികളെ തുറന്നു വിമർശിച്ച ശശി തരൂർ മോദി സർക്കാർ പാർലമെന്‍റിൽ നൽകിയ വാഗ്ദാനങ്ങൾ പോലും പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തി. സാധാരണക്കാരന് മോദി സർക്കാർ ഒരു ഗ്യാരന്‍റിയും നൽകിയിട്ടില്ലെന്നും 20 ശതമാനം വരുന്ന സമ്പന്നർക്ക് മാത്രമാണ് മോദി ഗ്യാരന്‍റി ഗുണമുണ്ടാക്കിയതെന്നും ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മയാണ് മോദി സർക്കാറിന്‍റെ പാലിക്കാത്ത പ്രധാന ഗ്യാരന്‍റിയെന്നും ഭാരതത്തിന്‍റെ ആത്മാവ് നിലനിർത്തുവാനുള്ള തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യവും ഭരണഘടനയും അട്ടിമറിച്ച് ഭിന്നിപ്പിന്‍റെയും വർഗീയതയുടെയും രാഷ്ട്രീയം കളിക്കുന്ന മോദി ഭരണത്തെയും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പര്യായമായ പിണറായി ഭരണത്തേയും
തുറന്നുകാട്ടുന്നതിനൊപ്പം തന്‍റെ വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് ശശി തരൂർ വീണ്ടും ജനവിധി തേടുന്നത്.

Comments (0)
Add Comment