ഡോ. ഡി ബാബു പോൾ അന്തരിച്ചു

Jaihind Webdesk
Saturday, April 13, 2019

എഴുത്തുകാരനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡോ. ഡി. ബാബുപോൾ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിവിൽ സർവീസിൽ മലയാളത്തിന്‍റെ ആത്മാവ് ഉൾച്ചേർത്ത ഭരണകർത്താവായും എഴുത്തുകാരനും പ്രഭാഷകനുമായും തിളങ്ങിയ ബാബുപോൾ അഡീഷനൽ ചീഫ് സെക്രട്ടറിയായാണ് വിരമിച്ചത്. തുടർന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചു.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോര്‍ എപ്പിസ്കോപ്പയുടെയും മേരി പോളിന്‍റെയും മകനായി 1941ലായിരുന്നു ജനനം. 21-ആം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 59–ആം വയസ്സിൽ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്‌മാൻ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറിൽ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു.

4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉൾക്കൊള്ളുന്ന ‘വേദശബ്ദ രത്നാകര’മെന്ന ബൈബിൾ നിഘണ്ടു ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 2000–ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. പരേതയായ അന്ന ബാബു പോൾ (നിർമല) ആണ് ഭാര്യ. മറിയം ജോസഫ് (നീബ), ചെറിയാൻ സി പോൾ (നിബു) എന്നിവർ മക്കളാണ്

Read Also :
ബാബു പോൾ വിട പറയുമ്പോള്‍…