ചലച്ചിത്രകാരന്മാർക്ക് പകരം മന്ത്രിമാരുടെ മുഖം, രാഷ്ട്രീയ വിധേയത്വം ; ഇത് സ്വജനപക്ഷപാത അക്കാദമിയെന്ന് ഡോ.ബിജു

Jaihind News Bureau
Thursday, February 18, 2021

 

തിരുവനന്തപുരം : ദേശീയപുരസ്‌കാര ജേതാവ് സലിംകുമാറിനെയും സംവിധായകന്‍ ഷാജി എന്‍ കരുണിനെയും ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും ഒഴിവാക്കിയതിനുപിന്നാലെ ചലച്ചിത്ര അക്കാദമിക്കെതിര രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഡോ.ബിജു. അക്കാദമി സ്വജനപക്ഷപാത അക്കാദമിയായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

25 വർഷമായി കേരള ചലച്ചിത്രമേള ഉയർത്തിക്കൊണ്ടു വന്ന സിനിമാ സാക്ഷരതയെ ഇല്ലായ്‌മ ചെയ്തത് ഈ അക്കാദമി നേതൃത്വം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചലച്ചിത്ര മേളയും സ്റ്റേറ്റ് അവാർഡ് വിതരണവും  ചാനൽ ഷോകൾ പോലെ ഗ്ലാമർ ഷോകളാണ് എന്ന ധാരണയിൽ ഇവയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ തന്നെ അട്ടിമറിച്ച  അക്കാദമി നേതൃത്വം ആണ് ഇത്തവണത്തേത്. 5 വർഷം കൊണ്ട് കേരള രാജ്യാന്തര ചലച്ചിത്ര മേളയെയും ചലച്ചിത്ര അക്കാദമിയെ തന്നെയും 25 വർഷം പിന്നോട്ടു നടത്തിയ അക്കാദമി.

ചരിത്രത്തിൽ ആദ്യമായി ലോക ചലച്ചിത്രകാരന്മാരുടെ ഫോട്ടോകൾക്ക് പകരം മന്ത്രിമാരുടെ മുഖം വെച്ചു രാജ്യാന്തര ചലച്ചിത്ര മേളയുടെ പോസ്റ്ററും ബോർഡുകളും സ്ഥാപിച്ചു രാഷ്ട്രീയ വിധേയത്വം തുടങ്ങിയത് ഈ അക്കാദമി നേതൃത്വം ആണ്. ഇതിനു മുൻപുള്ള ഒരു അക്കാദമി നേതൃത്വവും മന്ത്രിമാരുടെ ഫോട്ടോ വെച്ചു ഫെസ്റ്റിവൽ ഹോർഡിങ്ങുകൾ ഉയർത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗോദാർദും, കുറസോവയും, സത്യജിത് റായിയും ഒക്കെ ഇടം പിടിച്ചിരുന്ന ഫെസ്റ്റിവൽ ബോർഡുകൾ മാറി മന്ത്രിമാരുടെ മുഖം കൊണ്ട് വന്നതിലൂടെ തന്നെ അക്കാദമി തുടക്കത്തിലേ നയം വ്യക്തമാക്കി. തുടർന്ന് രാജ്യാന്തര മേളയെ കേവല രാഷ്ട്രീയത്തിന്‍റെയും മുഖ്യധാരാ സിനിമാ ഗ്ലാമറിന്റെയും തൊഴുത്തിൽ കൊണ്ടു കെട്ടി എന്നതാണ്  അക്കാദമി മേളയോട് ചെയ്ത പാതകമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ഷാജി എൻ കരുൺ സാർ പറയുന്നതിൽ ഒട്ടേറെ വസ്തുത ഉണ്ട്. ചലച്ചിത്ര അക്കാദമി ഒരു സ്വജന പക്ഷപാത അക്കാദമി ആയാണ് പ്രവർത്തിക്കുന്നത്..ചലച്ചിത്ര അക്കാദമിയുടെ ലക്ഷ്യങ്ങളെ ഇത്ര മേൽ
അട്ടിമറിച്ച മറ്റൊരു അക്കാദമി നേതൃത്വം ഉണ്ടായിട്ടില്ല. 25 വർഷമായി കേരള ചലച്ചിത്ര മേള ഉയർത്തിക്കൊണ്ടു വന്ന സിനിമാ സാക്ഷരതയെ ഇല്ലായ്‌മ ചെയ്തത് ഈ അക്കാദമി നേതൃത്വം ആണ്. ചലച്ചിത്ര മേളയും സ്റ്റേറ്റ് അവാർഡ് വിതരണവും ഒക്കെ ചാനൽ ഷോകൾ പോലെ ഗ്ലാമർ ഷോകളാണ് എന്ന ഒരു ധാരണയിൽ ഇതിന്റെ ഒക്കെ ഉദ്ദേശ ലക്ഷ്യങ്ങളെ തന്നെ അട്ടിമറിച്ച ഒരു അക്കാദമി നേതൃത്വം ആണ് ഇത്തവണത്തേത്. 5 വർഷം കൊണ്ട് കേരള രാജ്യാന്തര ചലച്ചിത്ര മേളയെയും ചലച്ചിത്ര അക്കാദമിയെ തന്നെയും 25 വർഷം പിന്നോട്ടു നടത്തിയ ഒരു അക്കാദമി. ചരിത്രത്തിൽ ആദ്യമായി ലോക ചലച്ചിത്രകാരന്മാരുടെ ഫോട്ടോകൾക്ക് പകരം മന്ത്രിമാരുടെ മുഖം വെച്ചു രാജ്യാന്തര ചലച്ചിത്ര മേളയുടെ പോസ്റ്ററും ബോർഡുകളും സ്ഥാപിച്ചു രാഷ്ട്രീയ വിധേയത്വം തുടങ്ങിയത് ഈ അക്കാദമി നേതൃത്വം ആണ്. ഇതിനു മുൻപുള്ള ഒരു അക്കാദമി നേതൃത്വവും മന്ത്രിമാരുടെ ഫോട്ടോ വെച്ചു ഫെസ്റ്റിവൽ ഹോർഡിങ്ങുകൾ ഉയർത്തിയിരുന്നില്ല. ഗോദാർദും, കുറസോവയും, സത്യജിത് റായിയും ഒക്കെ ഇടം പിടിച്ചിരുന്ന ഫെസ്റ്റിവൽ ബോർഡുകൾ മാറി മന്ത്രിമാരുടെ മുഖം കൊണ്ട് വന്നതിലൂടെ തന്നെ അക്കാദമി തുടക്കത്തിലേ നയം വ്യക്തമാക്കി. തുടർന്ന് രാജ്യാന്തര മേളയെ കേവല രാഷ്ട്രീയത്തിന്റെയും മുഖ്യധാരാ സിനിമാ ഗ്ളാമറിന്റെയും തൊഴുത്തിൽ കൊണ്ടു കെട്ടി എന്നതാണ് ഈ അക്കാദമി മേളയോട് ചെയ്ത പാതകം. സ്വതന്ത്ര സിനിമകളെയും സ്വതന്ത്ര സിനിമാ സംവിധായകരെയും അകറ്റി നിർത്തുകയും പകരം അക്കാദമി മുഖ്യധാരാ എന്റർടെയ്ൻമെന്റ് സിനിമാ വ്യക്താക്കളുടെ ഇടം ആക്കി മാറ്റുകയും ചെയ്തു. ജീവിതത്തിൽ ഇന്നുവരെ ചലച്ചിത്ര മേളയുടെ പടി കയറിയിട്ടില്ലാത്ത 80 കളിലെ മുഘ്യധാരാ സിനിമാ സങ്കല്പം ഉള്ള ആളുകളെ ഒക്കെ അന്താരാഷ്ട്ര മേളയിൽ സിനിമ തിരഞ്ഞെടുക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാൻമാർ ആക്കുക എന്ന തമാശ ഒക്കെ നിരന്തരം ആവർത്തിക്കുക ആയിരുന്നു ഈ അക്കാദമി.
സ്ഥിരം ചില കോക്കസ് ജൂറി അംഗങ്ങൾ , മേളകളിൽ ക്ഷണിച്ചു വരുത്തുന്ന ചില സ്ഥിരം തൽപര കക്ഷികൾ, നിക്ഷിപ്‌ത താല്പര്യമുള്ള സ്ഥിരം ഫിലിം കുറേറ്റർമാർ, യാതൊരു ഗുണവും ഇല്ലാത്ത ചില മൂന്നാം കിട ഇന്ത്യൻ ഫിലിം ഫെസ്റിവലുകളുടെ പ്രോഗ്രാമർമാരുടെ സ്ഥിരം മുഖങ്ങൾ, സ്ഥിരം ചില ക്രിട്ടിക്കുകൾ, മുംബൈ ജിയോ മാമി കോർപ്പറേറ്റ് മേളയുടെ ക്ഷണിതാക്കളുടെ മിനിയേച്ചർ. ഫിലിം മാർക്കറ്റ് മലയാള സിനിമകളുടെ കേരള പ്രീമിയർ തുടങ്ങിയ ആവശ്യങ്ങളുടെ അട്ടിമറിക്കൽ തുടങ്ങി വ്യക്തിതാത്പര്യങ്ങളുടെ കഥകൾ പറയാനാണെങ്കിൽ ഒത്തിരി ഉണ്ട്. വിശദമായ ഒരു ലേഖനം തന്നെ എഴുതാൻ മാത്രം വിശദമായ കഥകൾ, വ്യക്തമായ കണക്കുകളോടെ…ഉടൻ എഴുതാം…
കഴിഞ്ഞ 5 വർഷം കൊണ്ട് മലയാള സിനിമയ്ക്ക് ഗുണകരമായി എന്തൊക്കെ ചെയ്തിട്ടുണ്ട് ഈ അക്കാദമി എന്ന് ചോദിച്ചാൽ ഉത്തരം എന്താണ്…
ഷാജി എൻ കരുണിനെപോലെ ദേശീയ അന്തർ ദേശീയ പ്രശസ്തനായ ഒരു ഫിലിം മേക്കറെ അപമാനിക്കാൻ ഈ അക്കാദമിക്ക് പ്രത്യേകിച്ചു മടി ഉണ്ടാകില്ല. കാരണം അക്കാദമി നേതൃത്വത്തിന് എ എം എം എ താര സംഘടനയുടെ പോലത്തെ ഒക്കെ ഒരു നിലവാരവും കാഴ്ചപ്പാടുമെ ഉള്ളൂ എന്നത് കൊണ്ടാണ് അത്.. സലിം കുമാറിനോടുള്ള സമീപനവും ഇത് തന്നെയാണ്…
കേരള ചലച്ചിത്ര അക്കാദമിയെ 25 വർഷം പിന്നോട്ട് കൊണ്ടുപോവുകയും , കലാപരമായ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി വേർതിരിക്കുകയും , 25 വർഷമായി ഉണ്ടാക്കിയെടുത്ത ചലച്ചിത്ര സംസ്കാരത്തെ മുഖ്യധാരാ സങ്കല്പത്തിലേക്കും താര പ്രമാദിത്വത്തിലേക്കും കൂട്ടിക്കെട്ടുകയും അന്താരാഷ്ട്ര ചലച്ചിത്ര മേളയെയും സംസ്ഥാന അവാർഡ് വിതരണത്തെയും ടെലിവിഷൻ ഗ്ലാമർ ഷോ യുടെ നിലവാരത്തിലേക്ക് കൊണ്ടു തള്ളുകയും ചെയ്ത ഒരു അക്കാദമി എന്ന നിലയിൽ ഈ അക്കാദമി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും…