ഡോക്ടർ അസ്ന ഇന്‍ ചെറുവാഞ്ചേരി

Jaihind News Bureau
Wednesday, February 5, 2020

കണ്ണൂര്‍ : ഒരായിരം വേദനയില്‍ നിന്ന് പടുത്തുയർത്തിയ സ്വപ്നസാക്ഷാത്ക്കാരത്തിന്‍റെ സ്റ്റെതസ്ക്കോപ്പണിയുമ്പോള്‍ ഡോ. അസ്നയ്ക്ക് ചാരിതാര്‍ത്ഥ്യത്തിന്‍റെ ധന്യമുഹൂർത്തങ്ങളാണ് ഇന്ന് സംജാതമായത്. ബോംബാക്രമണത്തില്‍ വലത് കാല്‍ നഷ്ടപ്പെട്ട അസ്ന വേദനയോട് പടവെട്ടിയായിരുന്നു മുന്നോട്ടുള്ള ജീവിതം വരച്ചിട്ടത്. സ്വന്തം നാട്ടിൽ ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായി അസ്ന ഇന്നു ചുമതലയേൽക്കുമ്പോൾ അത് വലിയ ഒരു സ്വപ്നസാക്ഷാത്ക്കാരം കൂടിയാണ്. ഡോക്ടർ എന്ന സ്വപ്നത്തിന് ചിറക് മുളച്ചപ്പോള്‍ ആ സാക്ഷാത്കാരത്തിനായി പൊരുതുകയായിരുന്നു അസ്ന. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചപ്പോഴും നാലാം നിലയിലെ ക്ലാസ് മുറി അസ്നയ്ക്ക് വെല്ലുവിളിയായി. അവിടെ കരുതലിന്‍റെ സ്നേഹസ്പര്‍ശവുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ടെത്തി. 38 ലക്ഷം രൂപ ചെലവില്‍ അസ്നയ്ക്കായി ലിഫ്റ്റ് സ്ഥാപിച്ചുകൊണ്ടായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ കരുതലും സ്നേഹസ്പർശവും അസ്നയ്ക്ക് കരുത്തായത്.

2000 സെപ്റ്റംബർ 27ന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ദിവസം ബൂത്തിനു സമീപം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബി.ജെ.പി പ്രവർത്തകരുടെ ബോംബേറിലാണ് അസ്നയ്ക്കു വലതുകാൽ നഷ്ടമായത്. മൂന്ന് മാസം വേദന കടിച്ചമർത്തി ആശുപത്രി കിടക്കയില്‍. അവിടെ ഡോക്ടർമാരിൽ നിന്നു ലഭിച്ച സ്നേഹവും പരിചരണവുമാണ് ഡോക്ടറാവുക എന്ന ആഗ്രഹം കുഞ്ഞ് അസ്നയില്‍ വളർത്തിയത്. അവളുടെ സ്വപ്നത്തിന് കൂട്ടായി അച്ഛന്‍ നാണു ഒപ്പം ചേർന്നപ്പോള്‍ എല്ലാ തടസങ്ങളും വഴിമാറുകയായിരുന്നു. സ്വന്തം ഗ്രാമമായ ചെറുവാഞ്ചേരിയിലെ ആശുപത്രിയില്‍ തന്നെ ഔദ്യോഗിക ജീവിതം തുടങ്ങാന്‍ കഴിഞ്ഞതില്‍ അസ്ന തന്‍റെ പ്രിയപ്പെട്ട നാട്ടുകാരെയും രക്ഷിതാക്കളെയും സ്നേഹത്തോടെ സ്മരിക്കുന്നു.

അസ്നയുടെ ജീവിതം നിരവധി പേര്‍ക്കുള്ള സന്ദേശം കൂടിയാണ്. അക്രമരാഷ്ട്രീയത്തിനെതിരെ ജീവിതത്തിലൂടെ പടനയിച്ച ഒരു പെണ്‍കുട്ടിയുടെ ധീരോദാത്തമായ യാത്രയും വഴിപിഴച്ച രാഷ്ട്രീയം തോല്‍ക്കുന്നതിന്‍റെ നേര്‍ക്കാഴ്ചയുമാകുന്നു അസ്നയുടെ ജീവിതം.