Ex MPയെന്ന ബോര്‍ഡുമായി സമ്പത്തിന്‍റെ യാത്രയെന്ന് സോഷ്യല്‍ മീഡിയ പ്രചരണം; തോറ്റ എം.പിയെന്ന് പറഞ്ഞു നടക്കുന്ന അഴകിയ രാവണനെന്ന് ട്രോളുകള്‍

Jaihind Webdesk
Sunday, June 16, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ സി.പി.എമ്മിന്‍റെ മുന്‍ എം.പിമാര്‍ക്ക് നില തെറ്റിയ അവസ്ഥയിലാണെന്നാണ് പൊതു സംസാരം. മുസ്ലിം ലീഗിലെയും കോണ്‍ഗ്രസിലെയും പ്രവര്‍ത്തകര്‍ തന്നെ ഫോണ്‍വിളിക്കുന്നുവെന്നും തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു എം.ബി. രാജേഷിന്റെ പരിഭവം. ഈ പരിഭവത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് കണക്കിന് ട്രോളും ഏറ്റുവാങ്ങി. ഇപ്പോഴിതാ മറ്റൊരു സി.പി.എം മുന്‍ എം.പിയുടെ വാഹനവും അതിലെ ബോര്‍ഡുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സമ്പത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണ് വാര്‍ത്തകള്‍ക്ക് പിന്നില്‍. ഇത് ശരിയാണെങ്കില്‍ സ്വന്തം കാറില്‍ വലിയൊരു ബോര്‍ഡും സ്ഥാപിച്ചാണ് ഡോ. എ. സമ്പത്തിന്‍റെ യാത്ര. ബോര്‍ഡിലെ വാചകം ഇങ്ങനെ ‘Ex. MP’ അതായത് തോറ്റ എം.പിയെന്നൊക്കെ പറയുന്ന പോലെയാണെന്നാണ് നാട്ടുകാരുടെ ഇതിനോടുള്ള കമന്‍റ്. എന്തുതന്നെയായാലും യാത്രപോകുന്നിടത്തൊക്കെ ആളുകള്‍ക്ക് കൗതുക കാഴ്ചയൊരുക്കുന്ന തോറ്റ എം.പി ഡോ. എ. സമ്പത്തിന്‍റെ മാതൃക സി.പി.എമ്മിന്‍റെ ബാക്കിയുള്ള തോറ്റ എം.പിമാരും പിന്‍തുടരുമോ എന്ന് കാത്തിരിക്കുകയാണ് മലയാളികള്‍.

കാറിന്‍റെ എക്‌സ് എം.പി ബോര്‍ഡ് വൈറലായിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ട്രോളുകളും വിമര്‍ശനങ്ങളുമായാണ് എക്‌സ് എം.പി ബോര്‍ഡിനെ സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്. ചില ഉദാഹരണങ്ങള്‍ താഴെ.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും’ എന്ന ഫേസ്ബുക്ക് പോസ്‌റ്റോടുകൂടിയാണ് വി.ടി. ബല്‍റാം എം.എല്‍.എ ഈ ചിത്രത്തോട് പ്രതികരിച്ചത്. ബല്‍റാമിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ സമ്പത്തിന്റെ പ്രവൃത്തിയെ അല്‍പ്പത്തരമെന്നാണ് നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്.