സ്ത്രീധനമരണം കൂടുമ്പോഴും നോക്കുകുത്തിയായി വനിതാ കമ്മീഷൻ ; തീർപ്പാക്കാന്‍ പതിനായിരത്തിലേറെ കേസുകൾ, അധ്യക്ഷയ്ക്ക് അരക്കോടി ശമ്പളം

Jaihind Webdesk
Wednesday, June 23, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീധനത്തിന്‍റെ പേരിൽ മരണങ്ങൾ കൂടുമ്പോഴും നോക്കുകുത്തിയായി വനിതാ കമ്മീഷൻ. കോടികൾ ചെലവാക്കി പ്രവർത്തിക്കുന്ന വനിതാ കമ്മീഷനിൽ പതിനായിരക്കണക്കിന് കേസുകൾ കെട്ടികിടക്കുന്നതായി വിവരാവകാശ രേഖ. രേഖയുടെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

കൊല്ലത്തെ വിസ്മയയുടെ മരണം കേരള മനഃസാക്ഷിയെ ഞെട്ടിച്ചതാണ്. എന്നാൽ സ്ത്രീകളുടെ സംരക്ഷണമുറപ്പാക്കേണ്ട വനിതാ കമ്മീഷൻ എന്ത് ചെയ്യുന്നുവെന്ന ചോദ്യം സാമൂഹ്യമാധ്യമങ്ങളിലടക്കം സജീവമാണ്. സംസ്ഥാനത്തൊട്ടാകെയുള്ള 11187 കേസുകളാണ് വനിതാ കമ്മീഷനിൽ കെട്ടികിടക്കുന്നത്, തീർപ്പാക്കിയത് 46% മാത്രം. കേരള വനിതാ കമ്മീഷനിൽ 22150 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടന്നും 10263 കേസുകൾ തീർപ്പാക്കിയിട്ടുണ്ടന്നും 11187 കേസുകൾ തീർപ്പാക്കാതെ അവശേഷിക്കുണ്ടെന്നും വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. വനിതാ കമ്മീഷൻ ആസ്ഥാനം സ്ഥിതി ചെയ്യുന്ന
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസ്.

വിവിധ ഇനങ്ങളിലായി വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ 53,46,009 രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നു. ഇതുകൂടാതെ മെമ്പർമാരായ ഇ.എം രാധ 41, 70,929 രൂപയും അഡ്വ. എം.എസ്. താര 39, 42,284 രൂപയും ഷാഹിദ കമാൽ 38,89, 123 രൂപയും , അഡ്വ. ഷിജി ശിവജി 38, 87, 683 രൂപയും കൈപറ്റിയിട്ടുണ്ടന്നും രേഖയിലുണ്ട്.

സർക്കാർ ഓഫീസുകളിലെ ഹരാസ്മെന്റുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 100 കേസുകൾ ആണ്. തീർപ്പാക്കിയത് 38 കേസുകൾ. ഇടതുപക്ഷ ജീവനക്കാർക്കെതിരെ കേസുകൾ പരിഗണിക്കുന്നതിലും തീർപ്പാക്കുന്നതിലും കമ്മീഷന്റെ ഭാഗത്ത് നിന്നും ബോധപൂർവ്വമായ അലംഭാവം ഉണ്ടാകുന്നുവെന്നും ആരോപണം ഉണ്ട്.