സാധാരണക്കാരന്‍റെ ഫ്യൂസൂരുന്ന കെഎസ്ഇബി ; വന്‍കിടക്കാരുടെ ലക്ഷങ്ങളുടെ കുടിശികയില്‍ നടപടിയില്ല

Jaihind News Bureau
Wednesday, February 24, 2021

വൻകിട ഹോട്ടലുകൾ വൻ കുടിശിഖ വരുത്തിയിട്ടും നടപടി എടുക്കാതെ വൈദുതി ബോർഡിന്‍റെ ഒളിച്ചുകളി. ബോർഡിന്‍റെ ഇരുട്ടടി സാധാരണക്കാരനോട് മാത്രം. വൻകിട ഹോട്ടൽ 14.5 ലക്ഷം രൂപ കുടിശിക വരുത്തിയതിനേക്കാൾ ഇലക്ട്രിസിറ്റി ബോർഡിന് വേണ്ടത് സാധാരണക്കാരന്‍റെ 1496 രൂപ . നെയ്യാറ്റിൻകരയിൽ 1496 രൂപ കുടിശിക വരുത്തിയതിന്‍റെ പേരിൽ വൈദ്യുതി ബന്ധം വിഛേദിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തപ്പോൾ 14.5 ലക്ഷത്തോളം രൂപ കുടിശിക വരുത്തിയ നെടുമ്പാശേരിയിലെ ഹോട്ടലിന് ഇപ്പോഴും ഒരു തടസവും കൂടാതെ വൈദ്യുതി ലഭിക്കുന്നു.

കെ.എസ്.ഇ.ബിയുടെ കുടിശിക പക ആളി കത്തിയപ്പോൾ നെയ്യാറ്റിൻകര തോട്ടവാരം സ്വദേശി സനൽ കുമാറെന്നെ 39 കാരന്‍റെ ജീവനാണ് പൊലിഞ്ഞത്. 1496 രൂപയുടെ വൈദ്യുതി കുടിശികയെത്തുടർന്നുള്ള കണക്ഷൻ വിഛേദിക്കലാണ് സനൽ കുമാറിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. അതേസമയം നെടുമ്പാശേരിയിൽ 2020 നവംബർ വരെ 14,28,165 രൂപ കറന്‍റ് ബിൽ കുടിശിക വരുത്തിയ അറ്റ്ലസ് ഗോൾഡ് ടൗൺഷിപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഹോട്ടൽ സമുച്ചയത്തിന്‍റെ വൈദ്യുതി വിഛേദിക്കാൻ വൈദ്യുതി ബോർഡ് ഇതുവരെ തയാറായിട്ടില്ല. ഇപ്പോൾ 17,25,000 രുപയാണ് കുടിശിഖ 208 അപ്പാർട്ട്മെന്‍റുകൾ ഇവിടെ ഉണ്ട്. 50,000 രൂപ വീതം ഇവരിൽ നിന്ന് ഇലക്ട്രിസിറ്റി ഡെപ്പോസിറ്റായി അപ്പാർട്ട്മെന്‍റ് അധികൃതർ ഈടാക്കിയിട്ടുള്ളതായും ഫ്ളാറ്റ് ഉടമകൾ പറയുന്നു. ഹോട്ടൽ സമുച്ചയത്തിന് മൊത്തമായും ഹൈ ടെന്‍ഷന്‍ കണക്ഷനാണ് അനുവദിച്ചിരിക്കുന്നതെന്നും ഓരോ അപ്പാർട്ട്മെന്‍റുകൾക്കും വ്യത്യസ്ത കണക്ഷൻ നൽകാൻ കഴിയില്ലെന്നുമാണ് കെ.എസ്.ഇ.ബി അധികൃതരുടെ നിലപാട്.

208 കുടുംബങ്ങൾക്കുള്ള വൈദ്യുതി മൊത്തമായി വാങ്ങി അവർക്ക് വിതരണം ചെയ്യുന്ന കെ.എസ്.ഇ.ബി ചെയ്യേണ്ട പണിയാണ് ഇപ്പോൾ അപ്പാർട്ട്മെന്‍റ് അധികൃതർ ചെയ്തുവരുന്നത്. ഇതിന് ചില കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഒത്താശയുള്ളതായും പരാതിയുണ്ട്. 17 ലക്ഷത്തോളം രൂപയുടെ കുടിശിക അപ്പാർട്ട്മെന്‍റുകാർ അടക്കാത്തിടത്തോളം കാലം ഫ്ലാറ്റ് ഉടമകളുടെ മൗലികാവകാശമായ വെളിച്ചം നിഷേധിക്കപ്പെടും. എന്നാൽ കൊവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പ്രകാരമാണ് കണക്ഷൻ കട്ട് ചെയ്യാത്തതെന്നും ഇളവുകളുടെ കാലാവധി കഴിഞ്ഞതിനാൽ നടപടി ഉണ്ടാകുമെന്നും തിരുവനന്തപുരം കെ.എസ്.ഇ.ബി സ്പെഷ്യൽ ഓഫീസർ റവന്യൂ വിഭാഗം പറയുന്നു. അതേസമയം ഇളവുകൾക്കുശേഷം നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ സനൽ കുമാറിന്‍റേതടക്കം സാധാരണക്കാരുടെ കണക്ഷൻ വിഛേദിക്കുന്ന കെ.എസ്.ഇ.ബി വമ്പൻ സ്രാവുകളെ കണ്ടില്ലെന്ന് നടിക്കുകയാണ്.