ഇരട്ടനീതിയുടെ ആന്തൂര്‍ മോഡല്‍; മന്ത്രി ഇ.പി ജയരാജന്‍റെ മകന്‍റെ റിസോര്‍ട്ടിന് വഴിവിട്ട സഹായം

നിസാര കാരണങ്ങള്‍ പറഞ്ഞ് പ്രവാസിയുടെ കണ്‍വെന്‍ഷന്‍ സെന്‍ററിന് ലൈസന്‍സ് നിഷേധിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട സി.പി.എം നേതൃത്വം തന്നെ പ്രമുഖ നേതാക്കളുടെ മക്കള്‍ക്ക് വഴിവിട്ട സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍റെ മകന്‍ ജെയിസണ്‍ ഡയറക്ടറായ കമ്പനി നിര്‍മിക്കുന്ന റിസോര്‍ട്ടിന് നിയമങ്ങള്‍ കാറ്റി പറത്തി അനുമതി നല്‍കിയത്. കുറ്റിക്കോലിലെ കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ അടുത്ത് മോറാഴ ഉടുപ്പക്കുന്നില്‍ നിർമിക്കുന്ന ആയുർവേദ റിസോർട്ടിനാണ് പരിശോധന പോലും ഇല്ലാതെ ആന്തൂര്‍ നഗരസഭ തന്നെ അനുമതി നല്‍കിയത്. പത്തേക്കറിലാണ് റിസോർട്ട് നിര്‍മാണം നടക്കുന്നത്.

പത്തേക്കറിലെ അനധികൃത നിര്‍മാണപ്രവർത്തനങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം ഗോവിന്ദന്‍റെ ഭാര്യ ചെയര്‍പേഴ്സണായ ആന്തൂര്‍ നഗരസഭ തന്നെയാണ് റിസോർട്ടിന് അനുമതി നല്‍കിയത് എന്നതാണ് ശ്രദ്ധേയം. പത്ത് ഏക്കറില്‍ പത്ത് മീറ്ററോളം കുന്നിടിച്ചാണ് ആശുപത്രിയും റിസോർട്ടും നിർമിക്കുന്നത്. ഇതിനെതിരെ ഉയർന്ന പരാതികളെ ഭരണസ്വാധീനം ഉപയോഗിച്ച് ജിയോളജി റിപ്പോർട്ടില്‍ നിന്നും അനുകൂല റിപ്പോർട്ട് നേടുകയായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെയും പ്രാദേശിക നേതൃത്വത്തിന്‍റെയും എതിര്‍പ്പ് അവഗണിച്ചായിരുന്നു ആന്തൂർ നഗരസഭ അനുമതി നല്‍കിയത്.

പത്ത മീറ്ററോളം കുന്ന് ഇടിച്ചുനിരത്തിയിട്ടും നിരവധി കുഴല്‍ക്കിണറുകള്‍ നിര്‍മിച്ച് ഭൂഗര്‍ഭജലം ചൂഷണം ചെയ്തിട്ടും പരിശോധന നടത്താന്‍ പോലും അധികൃതർ തയാറായിട്ടില്ലെന്നും ആരോപണം ഉയരുന്നു. പ്രവാസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ തൂണുകള്‍ തമ്മിലുള്ള അകലം ഒന്നര ഇഞ്ച് കൂടുതലാണെന്ന സാങ്കേതിക ന്യായം പറഞ്ഞാണ് സാധാരണ സഖാവ് കൂടിയായ  പ്രവാസി വ്യവസായിക്ക് ആത്മഹത്യയിലേക്ക് സി.പി.എം തള്ളിവിട്ടത്.

കോടിയേരി സഖാവിന്‍റെ മകനെതിരായ ആരോപണങ്ങള്‍ക്ക് പുറമെ മന്ത്രി ഇ.പി ജയരാജന്‍റെ മകനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണവും പാര്‍ട്ടിയെയും നേതൃത്വത്തെയും കൂടുതല്‍ വിഷമവൃത്തത്തിലാക്കുന്നതാണ്.

E.P. JayarajanAnthoor Municipality
Comments (0)
Add Comment