കണ്ണൂര്‍: സ്കൂൾ കലോത്സവങ്ങൾ സുതാര്യവും വിശ്വാസ്യയോഗ്യവുമായ ഇടങ്ങളായി മാറണമെന്നും കച്ചവട കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമം അപലപനീയമാണെന്നും കെഎസ്‌യു. കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിലെ നാടക വിധികർത്താവിന്‍റെ ഓഡിയോ സന്ദേശം പുറത്ത് വന്നത് കലോത്സവ വേദിയിലെ അഴിമതികൾ തുറന്ന് കാട്ടുന്നതാണെന്ന് കെഎസ്‌യു ആരോപിച്ചു.
ഈ വർഷത്തെ കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ കൂടിയാട്ട വേദിയിലെ വിധികർത്താക്കൾ ശൗചാലയത്തിൽ പോകണമെന്ന വ്യാജേന പരസ്പരം റിസൾട്ടിനെക്കുറിച്ച് ചർച്ച ചെയ്‌തെന്ന് ആരോപിച്ച് വിദ്യാർത്ഥികളും അധ്യാപകരും പ്രതിഷേധിച്ചത് ഈ ആരോപണത്തിന് ആക്കം കൂട്ടുന്നതാണെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ പറഞ്ഞു.
ജില്ലാ കലോത്സവത്തിന് ശേഷവും പയ്യന്നൂരിലെ സ്കൂൾ വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും 200 രൂപ വീതം പണപ്പിരിവ് നടത്താൻ ശ്രമിച്ചതും പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കലോത്സവ വിധി നിർണ്ണയത്തിന് പരിഷ്ക്കാരങ്ങൾ നടപ്പിലാക്കണമെന്നും അഴിമതിക്കെതിരെ അന്വേഷണം നടത്തണമെന്നും വിധികർത്താക്കളുടെ സാമ്പത്തിക ഇടപാടുകളടക്കം നിരീക്ഷണവിധേയമാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും കെഎസ്‌യു പരാതി നൽകി.