അർജുനായുള്ള തിരച്ചിൽ നിർത്തരുത്, എല്ലാവരുടേയും പിന്തുണ ഇനിയും വേണം; അർജുന്‍റെ സഹോദരി അഞ്ജു

 

കോഴിക്കോട്: അർജുനായുള്ള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് സഹോദരി അഞ്ജു. തിരച്ചിൽ താല്‍കാലികമായി നിർത്താൻ കർണാടക സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് അഞ്ജുവിന്‍റെ പ്രതികരണം. അർജുനെവിടെയെന്ന അമ്മയുടെ ചോദ്യത്തിന് ഉത്തരം വേണം. അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം. ടെക്നോളജികൾ ഉപയോഗിച്ച് അർജുനെ കണ്ടെത്താൻ ശ്രമിക്കണം. ദൌത്യത്തിൽ നിന്ന് പിൻവാങ്ങരുത്.

അർജുനെ മാത്രമല്ല, ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവർക്കായി തിരച്ചിൽ തുടരണം. അവർ ഇപ്പോൾ പിൻവാങ്ങിയതിൽ ഒരു അനിശ്ചിതത്വം ഉണ്ട്. എത്ര കാലത്തേക്ക് എന്നറിയില്ല. കാലവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ മറികടക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടരണം. മുമ്പ് ലോറി കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് ആരും പറയുന്നില്ല. അതിൽ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു. എല്ലാവരുടേയും പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നത് ഇനിയും വേണമെന്നും അർജുന്‍റെ കുടുംബം പറഞ്ഞു. 13 ദിവസമായിട്ടും അർജുൻ എവിടെയാണെന്ന് അമ്മ ചോദിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സഹോദരി കൂട്ടിച്ചേർത്തു.

അതിനിടെ, അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചു. കേരള- കർണാടക മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തിരച്ചിൽ തുടരാനുള്ള തീരുമാനം. തിരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. നദി അനുകൂലമായാൽ മാത്രം നാളെ പരിശോധന നടത്തുമെന്നും അറിയിപ്പിലുണ്ട്. തുടര്‍ നടപടികളും ഉന്നതതല യോഗം ചര്‍ച്ച ചെയ്തു. 24 മണിക്കൂറിനകം ഡ്രഡ്ജിംഗ് യന്ത്രം എത്തിക്കാമെന്ന് എം വിജിന്‍ എംഎല്‍എ പറഞ്ഞു. എന്നാൽ പ്രായോഗിക പരിശോധനക്ക് ശേഷം മാത്രം എത്തിച്ചാല്‍ മതിയെന്നാണ് കര്‍ണാടകയുടെ മറുപടി.

കേരളത്തില്‍ നിന്ന് യന്ത്രം എത്തിച്ച് അത് പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തെരച്ചില്‍ വീണ്ടും ആരംഭിക്കുക. കാലാവസ്ഥ പൂര്‍ണ്ണമായി മാറി, തെളിഞ്ഞുനിന്നാല്‍ മാത്രമേ തിരച്ചില്‍ നടത്താന്‍ സാധിക്കൂ എന്നാണ് കാര്‍വാര്‍ എംഎല്‍എയുടെ വിശദീകരണം. എന്നാല്‍ 21ാം തീയതി വരെ ഇവിടെ മഴ പ്രവചനമുണ്ട്. ഇതുവരെയുള്ള 13 ദിവസങ്ങളില്‍ സാധ്യമായതെല്ലാം ചെയ്തു എന്നാണ് എംഎല്‍എ പറയുന്നത്.

Comments (0)
Add Comment