ചിപ്പ് ക്ഷാമം കാരണമാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതെന്ന് പറയരുത്; കേന്ദ്രം വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, May 20, 2023

 

ന്യൂഡൽഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള നീക്കത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. 2000 രൂപ നോട്ട് പിൻവലിക്കാനുള്ള തീരുമാനത്തിന്‍റെ ലക്ഷ്യമെന്തെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു. മുൻ കേന്ദ്രമന്ത്രി പി ചിദംബരം, ജയ്റാം രമേശ് തുടങ്ങിയവരും രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

‘2016 നവംബർ എട്ടിന്‍റെ പ്രേതം ഇതാ വീണ്ടും രാജ്യത്തെ വേട്ടയാടാനെത്തുന്നു. വലിയ തോതിൽ പ്രചാരം നൽകിയ നോട്ട് അസാധുവാക്കൽ നടപടി ഈ രാജ്യത്തെ സംബന്ധിച്ച് വലിയ ദുരന്തമായി തുടരുകയാണ്. 2000 രൂപാ നോട്ടിന്‍റെ ഗുണങ്ങളെക്കുറിച്ച് രാജ്യത്തിന് സുദീർഘമായ ക്ലാസെടുത്ത വ്യക്തിയാണ് പ്രധാനമന്ത്രി. ഇന്നിതാ 2000 രൂപ നോട്ടിന്‍റെ പ്രിന്‍റിംഗ് നിർത്തിയിരിക്കുന്നു. അന്ന് നൽകിയ വാഗ്ദാനങ്ങൾക്ക് എന്തു സംഭവിച്ചു എന്നു പറയാമോ?’നോട്ട് പിൻവലിക്കൽ നടപടിക്കു പിന്നിലെ ലക്ഷ്യമെന്താണെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കണം. മോദി സർക്കാർ അവരുടെ ജനവിരുദ്ധ അജണ്ട നിർബാധം തുടരുകയാണ്. ഇത്രയും കടുത്ത നടപടിയുമായി ബന്ധപ്പെട്ട് രാജ്യത്തെ മാധ്യമങ്ങൾ സർക്കാരിനെ ചോദ്യം ചെയ്യുമെന്നും ലോകത്തെ ‘ചിപ്പ് ക്ഷാമം’ കാരണമായി പറയില്ലെന്നും പ്രതീക്ഷിക്കുന്നു’ – പവൻ ഖേര പറഞ്ഞു.

2000 രൂപ നോട്ടുകൾ പിൻവലിച്ച നടപടി പ്രതീക്ഷിച്ചതാണെന്ന് മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം പ്രതികരിച്ചു.

‘സർക്കാരും ആർബിഐയും ചേർന്ന് പ്രതീക്ഷിച്ചതുപോലെ 2000 രൂപ നോട്ട് പിൻവലിക്കുകയും അവ മാറ്റിയെടുക്കാൻ സെപ്റ്റംബർ 30 വരെ സമയം അനുവദിക്കുകയും ചെയ്തിരിക്കുന്നു. വിനിമയ രംഗത്ത് 2000 രൂപ നോട്ട് ഒരിക്കലും ജനപ്രിയമായിരുന്നില്ല. ഇക്കാര്യം ഞങ്ങൾ 2016 നവംബറിൽത്തന്നെ പറഞ്ഞതാണ്. ഞങ്ങളുടെ നിലപാട് ശരിയാണെന്ന് ഈ പ്രഖ്യാപനത്തോടെ തെളിയിക്കപ്പെട്ടിരിക്കുന്നു. രാജ്യത്ത് വ്യാപകമായി വിനിമയം ചെയ്യപ്പെട്ടിരുന്ന 500, 1000 രൂപ നോട്ടുകൾ നിരോധിച്ച മണ്ടൻ തീരുമാനത്തെ മറച്ചുവെക്കാനുള്ള ബാൻഡ് എയ്ഡ് മാത്രമായിരുന്നു 2000 രൂപ നോട്ടുകൾ. നോട്ടു നിരോധനത്തിനു പിന്നാലെ അധികം വൈകും മുമ്പേ സർക്കാരും ആർബിഐയും 500 രൂപ നോട്ടുകൾ വീണ്ടും ഇറക്കാൻ നിർബന്ധിതരായി. ഇനി 1000 രൂപ നോട്ടും സർക്കാർ വീണ്ടും ഇറക്കിയാലും ഞാൻ‌ അദ്ഭുതപ്പെടില്ല. അതോടെ നോട്ടുനിരോധനം പൂർണമാകും’ – ചിദംബരം പരിഹസിച്ചു.

‘നമ്മുടെ വിശ്വഗുരുവിന്‍റെ സ്ഥിരം പരിപാടി’ എന്നായിരുന്നു മാധ്യമവിഭാഗം ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശിന്‍റെ പരിഹാസം.

‘നമ്മുടെ സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്‍റെ സ്ഥിരം പരിപാടി തന്നെ. ആദ്യം പ്രവർത്തിക്കുക, പിന്നെ ചിന്തിക്കുക (അതിവേഗം). 2016 നവംബർ എട്ടിലെ നോട്ടുനിരോധനത്തിനു ശേഷം ഏറെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച 2000 രൂപ നോട്ടുകളും ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്’ – ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.

ഈ വർഷം സെപ്റ്റംബർ 30നകം ശേഷിക്കുന്ന 2000 രൂപ നോട്ടുകള്‍ ബാങ്കുകളിൽ കൊടുത്തു ജനം മാറ്റിയെടുക്കണമെന്നാണ് നിർദേശം. ഇന്ത്യയിൽ 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തിൽനിന്ന് പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് അറിയിച്ചത്.