ഒരാളുടെ ജീവന്‍ വെച്ച് കളിക്കരുത് ; ഗാന്ധി കുടുംബത്തിന്‍റെ സുരക്ഷ പിന്‍വലിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ശിവസേന

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും കുടുംബത്തിന്‍റെയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെയും എസ്.പി.ജി സുരക്ഷ പിന്‍വലിച്ച നടപടിക്കെതിരെ ശിവസേന. ഒരാളുടെ ജീവന്‍ വെച്ച് കളിക്കരുതെന്ന് ശിവസേന കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ചു. രാജ്യത്ത് സുരക്ഷിതമായ ഒരു അന്തരീക്ഷമല്ല നിലനില്‍ക്കുന്നതെന്നും ഇതിന്‍റെ ഉത്തരവാദിത്വം സർക്കാരിനാണെന്നും ശിവസേന വിമർശിച്ചു. ശിവസേന  മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലാണ് കേന്ദ്ര സര്‍ക്കാരിനുള്ള വിമർശനം.

ഡല്‍ഹിയിലായാലും മഹാരാഷ്ട്രയിലായാലും രാഷ്ട്രീയക്കാര്‍ക്ക് അവര്‍ സുരക്ഷിതരാണെന്ന ബോധ്യം ഉണ്ടാകണം. ഇത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ഇത്തരത്തില്‍ സുരക്ഷിതമായ ഒരു അന്തരീക്ഷം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഗാന്ധി കുടുംബത്തിന്‍റെ സുരക്ഷ നീക്കം ചെയ്താല്‍ പോലും അത് വലിയ പ്രശ്നം സൃഷ്ടിക്കുകയില്ലായിരുന്നു – ശിവസേന എഡിറ്റോറിയലില്‍ പറയുന്നു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് മന്ത്രിമാരും തങ്ങളുടെ സുരക്ഷ ഉപേക്ഷിക്കാൻ തയാറല്ല. ബുള്ളറ്റ് പ്രൂഫ് കാറുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ട്. ഇതിനർത്ഥം ഗാന്ധി കുടുംബത്തിന്‍റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയില്‍ കഴമ്പുണ്ടെന്നാണ്. ഉപയോഗിച്ച പഴയ കാറുകൾ‌ ഗാന്ധി കുടുംബത്തിന് അനുവദിച്ചതും സുരക്ഷ സംബന്ധിച്ച് ആശങ്കയുണർത്തുന്നതാണെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു.

ഇന്ദിരാഗാന്ധിയെ സ്വന്തം സെക്യൂരിറ്റി ഗാർഡുകള്‍ കൊലപ്പെടുത്തിയതും രാജീവ് ഗാന്ധിയെ തീവ്രവാദികൾ കൊലപ്പെടുത്തിയതുമാണ് ഗാന്ധി കുടുംബത്തിന് എസ്.പി.ജി സുരക്ഷ ഏർപ്പെടുത്താന്‍ കാരണം. കേന്ദ്ര സർക്കാരിന് കോൺഗ്രസുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. പക്ഷേ ഒരാളുടെ ജീവന്‍ വെച്ച് കളിക്കാന്‍ പാടില്ലെന്ന് ശിവസേന ഓര്‍മപ്പെടുത്തുന്നു. ഗാന്ധി കുടുംബത്തിന് സുരക്ഷാ ഭീഷണിയില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്. ഇതിനെ തുടര്‍ന്നാണ് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരുടെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചത്. മന്ത്രാലയത്തിലെ ആർക്കാണ് ഇക്കാര്യത്തില്‍ ഉറപ്പുള്ളതെന്ന് ശിവസേന ചോദിക്കുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെ എസ്.പി.ജി സുരക്ഷയും നേരത്തെ കേന്ദ്രം പിന്‍വലിച്ചിരുന്നു.

ShivsenaSamna
Comments (0)
Add Comment