‘ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്‍റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം’? ആരോഗ്യ മേഖലയില്‍ കേരളം ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങള്‍ ഇല്ലാതാക്കരുത്: വി.ഡി. സതീശന്‍

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.  കൈ വിരല്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച നാലു വയസുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയത് ഗുരുതര ചികിത്സാപിഴവും ഞെട്ടിക്കുന്ന സംഭവവുമാണ്. പിഞ്ച് കുഞ്ഞിന്‍റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളമെന്ന് അദ്ദേഹം വിമർശിച്ചു. കാലങ്ങള്‍ കൊണ്ട് കേരളം ആരോഗ്യ മേഖലകളില്‍ ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങള്‍ നിരന്തരം ഇല്ലാതാക്കുകയെന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായി സംഭവിക്കുന്ന ചികിത്സാ പിഴവുകളിലൂടെ സര്‍ക്കാര്‍ ആശുപത്രികളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ വിശ്വസിച്ച് ചികിത്സയ്ക്ക് എത്തുന്ന പാവങ്ങളുടെ ജീവന് വില കല്‍പ്പിക്കാത്ത അവസ്ഥ പൂര്‍ണമായും ഇല്ലാതാക്കണം. ഏത് സംഭവത്തിലും അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിടുന്നതല്ലാതെ റിപ്പോര്‍ട്ടില്‍ എന്ത് തിരുത്തല്‍ നടപടിയാണ് ആരോഗ്യവകുപ്പും മന്ത്രിയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇത് ആദ്യത്തെ സംഭവമല്ല. ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിന ഇപ്പോഴും നീതിക്ക് വേണ്ടി പോരാട്ടം തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ വകുപ്പുകളിലുമെന്ന പോലെ ആരോഗ്യവകുപ്പിലും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ്. മരുന്ന് ക്ഷാമം ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ പരാതികളിലും ജനങ്ങളെ പരിഹസിക്കുന്നതാണ് ആരോഗ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും നിലപാട്. അങ്ങനെയുള്ളവരില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.  നാലുവയസുകാരിയുടെ കൈയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതിന് ഉത്തരവാദികളായവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണം. ചികിത്സാ പിഴവിന് ഇരയായി നീതിക്ക് വേണ്ടി പോരാട്ടം നടത്തുന്ന ഹര്‍ഷിനയുടെ അവസ്ഥ ഈ കുഞ്ഞിനും കുടുംബത്തിനും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment