‘അഴിമതിക്കും സ്വജനപക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുത്’; കൊവിഡ് കൊള്ളയില്‍ ഹൈക്കോടതി

കൊച്ചി: അഴിമതിക്കും സ്വജനപക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി ആരോപിച്ചുള്ള വിഷയത്തിലാണ് കോടതിയുടെ നിരീക്ഷണം.

അഴിമതിക്കെതിരായ പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. പിപി ഇ കിറ്റ് അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലെ ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അന്വേഷണത്തെ എന്തിന് ഭയക്കുന്നുവെന്നും കോടതി ചോദിച്ചു. ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നേരത്തേ ഈ വിഷയത്തില്‍ ലോകായുക്ത ഇടപെട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് അന്ന് തലപ്പത്ത് ഉണ്ടായിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരടക്കം കോടതിയെ സമീപിച്ചത്. ദുരന്ത കാലത്ത് ആകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സ‍ര്‍ക്കാ‍രും ബന്ധപ്പെട്ട ഉദ്യോഗസ്ഥ‍രും നില്‍ക്കേണ്ടത്. എന്തിനാണ് അന്വേഷണത്തെ എതി‍ര്‍ക്കുന്നതെന്നും കോടതി ചോദിച്ചു. ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുതെന്നും കോടതി ഓർമ്മിപ്പിച്ചു.

Comments (0)
Add Comment