പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുത്; 25,000 രൂപ നൽകി അപമാനിക്കരുത്; സംസ്ഥാന ചലച്ചിത്ര അവാർഡുദാന ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി അലന്‍സിയര്‍

തിരുവനന്തപുരം: പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുത്. ആൺ കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. ‘‘പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപം നൽകണം. നല്ല നടൻ എല്ലാവർക്കും കിട്ടും സ്‌പെഷ്യൽ കിട്ടുന്നവർക്ക് സ്വർണത്തിന്റെ പ്രതിമ നൽകണം. പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വർധിപ്പിക്കണമെന്നും അലന്‍സിയര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിച്ചു.

അതേസമയം  തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പുരസ്‌ക്കാരദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‍കാരിക മന്ത്രി സജി ചെറിയാനും പുരസ്‌ക്കാര വിതരണം നിർവഹിച്ചു. ചടങ്ങില്‍ വിന്‍സി അലോഷ്യസ്, കുഞ്ചാക്കോ ബോബന്‍, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി 47 ചലച്ചിത്രപ്രതിഭകള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ചലച്ചിത്രബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്ക്കാരം സംവിധായകന്‍ ടി.വി ചന്ദ്രന് മുഖ്യമന്ത്രി സമ്മാനിച്ചു. 2021ലെ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശ്യാമപ്രസാദ് മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം പി.ഭാസ്‌കരന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ അനശ്വരഗാനങ്ങള്‍ കോര്‍ത്തിണക്കി പ്രമുഖ ചലച്ചിത്ര പിന്നണിഗായകര്‍ നയിക്കുന്ന ‘ഹേമന്തയാമിനി’ എന്ന സംഗീതപരിപാടിയും അരങ്ങേറി.

Comments (0)
Add Comment