സാന്ത്വനമായി രാഹുല്‍; സബർമതി പദ്ധതിയില്‍ നിർമ്മിച്ച 25 വീടുകളുടെ താക്കോല്‍ ദാനം നിർവഹിച്ചു

വയനാട്: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് പുതുശേരിയിലെ കർഷകൻ തോമസിന്‍റെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ച അദ്ദേഹം വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന ഉറപ്പ് നൽകി. രാഹുൽ ഗാന്ധിയുടെ ഭവന നിർമ്മാണ പദ്ധതിയായ കൈത്താങ്ങ് പദ്ധതിയിൽപ്പെട്ട 25 വീടുകളുടെ താക്കോൽദാനം മീനങ്ങാടിയിൽ രാഹുൽ ഗാന്ധി നിർവഹിച്ചു.

രാവിലെ 10 മണിയോടെയാണ് രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ ഒരു ദിവസത്തെ പര്യടന പരിപാടികൾക്ക് തുടക്കമായത്. മുണ്ടേരി മണിയൻകോട് സബർമതി പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു. വിധവകളായ 50 വയസിൽ താഴെ പ്രായമുള്ള നിർധന കുടുംബങ്ങൾക്ക് സൗജന്യമായി വീട് നൽകുന്ന രാഹുൽ ഗാന്ധി എംപിയുടെ പദ്ധതിയാണ് സബർമതി.

ആത്മഹത്യ ചെയ്ത ആദിവാസി വിശ്വനാഥന്‍റെ വീട് തുടർന്ന് രാഹുൽഗാന്ധി സന്ദർശിച്ചു. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ സദാചാര ഗുണ്ടാ ആക്രമണത്തെ തുടർന്ന് തൂങ്ങിമരിക്കുകയായിരുന്നു വിശ്വനാഥൻ. വയനാട് ജില്ലയുടെ വിവിധ വികസന പദ്ധതികളുടെ അവലോകന യോഗം രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ വയനാട് കളക്ടറേറ്റിൽ നടന്നു. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ ചികിത്സ കിട്ടാതെ മരിച്ച കർഷകൻ തോമസിന്‍റെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകി.

വയനാട് മെഡിക്കൽ കോളേജിന്‍റെ ശോച്യാവസ്ഥ കുടുംബാംഗങ്ങൾ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചു. നാലുമണിയോടെ മീനങ്ങാടിയിലെ പൊതുസമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് പദ്ധതിയിൽപ്പെട്ട 25 വീടുകളുടെ താക്കോൽദാനം അദ്ദേഹം നിർവഹിച്ചു. 25 വീടുകളുടെ നിർമ്മാണം പണിപ്പുരയിൽ ആണെന്നും രാഹുൽ ഗാന്ധി അറിയിച്ചു. ഭവന നിർമ്മാണ പദ്ധതികളിൽ കോൺഗ്രസ് പ്രവർത്തകർ പങ്കാളികളാകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പരിപാടിക്ക് ശേഷം ആറരയുടെ രാഹുൽ ഗാന്ധി കണ്ണൂരിലേക്ക് പോയി. തുടർന്ന് കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങി.

 

Comments (0)
Add Comment