ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിന് ഇന്ന് തുടക്കം ; കോടികളൊഴുക്കി ഗുജറാത്ത് സർക്കാര്‍

അഹമ്മദാബാദ് : അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിന് ഇന്ന് തുടക്കം. മൊട്ടേറ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം, താജ്മഹൽ സന്ദേശനം എന്നിവയാണ് ട്രംപിന്‍റെ ഇന്നത്തെ പ്രധാന പരിപാടികൾ. ട്രംപിന്‍റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൊഴുപ്പിക്കാന്‍ കോടികളാണ് ഗുജറാത്ത് സര്‍ക്കാര്‍ ഒഴുക്കുന്നത്. മൂന്ന് മണിക്കൂര്‍ മാത്രം ദൈർഘ്യമുള്ള പൊതു പരിപാടിക്കായി 120 കോടി രൂപയാണ് ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍.

ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കൂറ്റന്‍ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ട്രംപിനെ വരവേല്‍ക്കാന്‍ വഴികളെല്ലാം അലങ്കരിച്ചിട്ടുമുണ്ട്. ട്രംപിന്‍റെ സന്ദർശനം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്ത് ഉൾപ്പെടെ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് വിമാനത്താവളത്തില്‍ ഇന്ന് 11.40 ഓടെ ഡൊണാള്‍ഡ് ട്രംപ് എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തും.  തുടർന്ന് റോഡ് ഷോയായി പുതുതായി നിർമിച്ച അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തും. മൊട്ടേര സ്റ്റേഡിയത്തിലെ നമസ്തെ ട്രംപ് പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ആഗ്രയിലേക്ക് തിരിക്കുന്ന ട്രംപ് താജ്മഹല്‍ സന്ദര്‍ശിക്കും. മൊട്ടേര സ്റ്റേഡിയത്തിലെ സുരക്ഷ ഞായറാഴ്ച മുതല്‍ യു.എസ് സുരക്ഷാ സംഘം ഏറ്റെടുത്തിട്ടുണ്ട്. നഗരത്തില്‍ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ മത സ്വാതന്ത്ര്യം, പൗരത്വ ഭേദഗതി നിയമം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചർച്ചയിൽ ഉയരുമോ എന്നാണ് അറിയേണ്ടത്. നാളെയാണ് നയതന്ത്ര ചർച്ചകൾക്ക് നടക്കുന്നത്. അതേസമയം ട്രംപിന്‍റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഇന്ത്യയുമായുള്ള വാണിജ്യകരാറില്‍ നിന്ന് പിന്മാറുന്നതായി യു.എസ് അറിയിച്ചു. ട്രംപിന്‍റെ സന്ദർശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ മതില്‍കെട്ടി മറച്ചത് വിവാദമായിരുന്നു. പിന്നാലെ ചേരിനിവാസികളോട് ഒഴിഞ്ഞുപോകാനും നോട്ടീസ് നല്‍കിയിരുന്നു. ശതകോടികൾ ചെലവഴിച്ച് ട്രംപെഴുന്നള്ളത്ത് ആഘോഷമാക്കുമ്പോൾ രാജ്യം എന്ത് പ്രതീക്ഷിക്കണമെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. വിപുലമായ വ്യാപാരക്കരാർ ഉണ്ടാകില്ലെന്ന് സന്ദർശനത്തിന് മുമ്പേ അമേരിക്ക പ്രഖ്യാപിച്ചിട്ടും മോദി പ്രതീക്ഷ അർപ്പിക്കുന്നത് എന്തിലാണെന്ന ചോദ്യവും ഉയരുന്നുണ്ട്. കെട്ടിമറച്ച ചേരികള്‍ക്കപ്പുറം ഈ സന്ദർശന മാമാങ്കം രാജ്യത്ത് അവശേഷിപ്പിക്കുന്നത് എന്തായിരിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

Comments (0)
Add Comment