കൊവിഷീല്‍ഡ് വാക്സിന്‍ ഇടവേള കുറയ്ക്കില്ല, 84 ദിവസം തന്നെ; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

 

കൊച്ചി : കൊവിഷീല്‍ഡ് വാക്സിനേഷന്‍ ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് നടപടി റദ്ദാക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. വാക്സിനേഷന്‍ ഇടവേള 28 ദിവസമാക്കി കുറച്ച നടപടി തെറ്റാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ അപ്പീല്‍ അനുവദിച്ചാണ് കോടതി ഉത്തരവ്. ഇതോടെ കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 84 ദിവസമായി തുടരും.

താത്പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കിറ്റെക്‌സിന്‍റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യവാക്‌സിന് ഇളവ് ബാധകമല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്സിന്‍ ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്ന നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Comments (0)
Add Comment