തിങ്കളാഴ്ച രാജ്യ വ്യാപകമായി ഡോക്ടർമാർ പണിമുടക്കും; പ്രതിഷേധം കൊൽക്കത്തയിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന്

Jaihind Webdesk
Saturday, June 15, 2019

Doctors-Protest-Mamtha

കൊൽക്കത്തയിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്ന് ഡോക്ടറുമാരുടെ സംഘടന ഐഎംഎ. സമരത്തിൽ 3.5 ലക്ഷം ഡോക്ടർമാർ പങ്കെടുക്കുമെന്നും ഐഎംഎ വൃത്തങ്ങൾ അറിയിച്ചു.

കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ രോഗി മരിച്ചതിനെ തുടർന്നു ബന്ധുക്കൾ ജൂനിയർ ഡോക്ടറെ മർദിച്ച സംഭവത്തിലാണ് ചൊവ്വാഴ്ച മുതൽ ബംഗാളിൽ ഡോക്ടർമാർ പണിമുടക്കാൻ തീരുമാനിച്ചത്. സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ ബംഗാളിലെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നായി 300 ഡോക്ടർമാർ രാജിവച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളുടെയും പ്രവർത്തനം താറുമാറായി.

രാജ്യമൊട്ടാകെയുളള മറ്റുഡോക്ടർമാരും സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തി. ഡൽഹി എയിംസിലെ ഡോക്ടർമാർ ഹെൽമറ്റും ബാൻഡേജും ധരിച്ചാണു രോഗികളെ പരിശോധിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അന്ത്യശാസനം തള്ളിയാണ് ഡോക്ടർമാർ സമരരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാതെ ജോലിക്കെത്തില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാൽ സമരത്തിനു പിന്നിൽ ബിജെപിയും സിപിഎമ്മും ആണെന്നു മമതാ ബാനർജി ആരോപിച്ചു.

പണിമുടക്കിന്റെ ഭാഗമായി 17നു രാവിലെ 6 മുതൽ 18നു രാവിലെ 6 വരെ സംസ്ഥാനത്തെ ഡോക്ടർമാരും പണിമുടക്കും. കാഷ്വാലിറ്റി, ലേബർ റൂം, തീവ്രപരിചരണവിഭാഗം എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു കേരളഘടകം സെക്രട്ടറി ഡോ.എൻ.സുൽഫി അറിയിച്ചു.