ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടി ; ഡോക്ടർമാർ സമരത്തിലേക്ക് ; ഡ്യൂട്ടി ബഹിഷ്കരിക്കും

Jaihind News Bureau
Sunday, October 4, 2020

Doctor-on-Strike

 

തിരുവനന്തപുരം: കൊവിഡ് രോഗിയെ പുഴുവരിച്ച സഭവത്തില്‍ ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ മെഡിക്കൽ  കോളജുകളിലെ  ഡോക്ടർമാർ സമരത്തിലേക്ക്.  നടപടി പിൻവലിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിക്കാനും തീരുമാനം. മൂന്നുപേരുടെ സസ്പെന്‍ഷൻ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാ ർനടത്തുന്ന റിലേ സത്യാഗ്രഹം തുടരുകയാണ്.

മെഡിക്കൽ കോളജ് അധികൃതർക്കെതിരെ രോഗിയുടെ കുടുംബം പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ കൊവിഡ് നോഡൽ ഓഫീസറേയും രണ്ട് ഹെഡ് നഴ്സുമാരേയും സസ്പെൻഡ് ചെയ്ത നടപടി പിൻവലിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സമരം. തിങ്കളാഴ്ച രാവിലെ 2 മണിക്കൂർ ഒ.പി ബഹിഷ്കരിക്കും. ചൊവ്വാഴ്ച മുതൽ കൊവിഡ് ഇതര ഡ്യൂട്ടി കളും അധ്യാപനവും ബഹിഷ്കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.

അത്യാഹിത വിഭാഗങ്ങൾക്ക് മുടക്കമുണ്ടാവില്ലെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. എന്നാൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നുമാണ് സർക്കാർ നിലപാട്. സർക്കാരും ഡോക്ടർമാരും പോര് തുടരുകയാണെങ്കിൽ പ്രതിസന്ധിയിലാവുക സാധാരണക്കാരായ രോഗികളാണ്.