പ്രധാനമന്ത്രിയുടെ സന്ദർശനം : ഭക്ഷണം കിട്ടാതെ ഡ്യൂട്ടി ഡോക്ടർ കുഴഞ്ഞുവീണു

Jaihind Webdesk
Saturday, April 13, 2019

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിഐപി ഡ്യൂട്ടിക്ക് നിയോഗിച്ച ആരോഗ്യസംഘത്തിലെ മുതിർന്ന ഡോക്ടർ ഭക്ഷണം കിട്ടാതെ കുഴഞ്ഞുവീണു. പ്രമേഹരോഗിയായ ഡോ. ഷാജുവാണ് കുഴഞ്ഞു വീണത്. ഭക്ഷണം കഴിക്കാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാലാണ് തലചുറ്റൽ അനുഭവപ്പെട്ട് കുഴഞ്ഞുവീണത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിയമിച്ച ഡോക്ടര്‍മാരാണ് മണിക്കൂറുകളോളം ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞത്.
വി.ഐ.പി ഡ്യൂട്ടികള്‍ക്ക് നിയമിച്ചുകൊണ്ട് സാധാരണ അഞ്ചുദിവസംമുമ്പ് ഉത്തരവിറക്കണം. എന്നാല്‍, കഴിഞ്ഞ ദിവസം മാത്രമാണ് അറിയിപ്പ് ലഭിച്ചതത്രെ. വിഐപി ഡ്യൂട്ടിക്ക് നിയമിച്ച് ഉത്തരവിറക്കിയ ഡിഎംഒയോട് ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യാത്രബത്തയും ഡിഎയും വാങ്ങിത്തരാമെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഡ്രൈവറടക്കം ആറുപേരെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കരിപ്പൂരില്‍ നിയമിച്ചത്. ഉച്ചക്ക് രണ്ടിന് ഹാജരാവാനായിരുന്നു നിര്‍ദേശം. കൃത്യസമയത്ത് എത്തിയെങ്കിലും കുടിവെള്ളമോ ഭക്ഷണമോ അധികൃതര്‍ ഒരുക്കിയില്ലെന്ന് സംഘത്തിലുള്ളവര്‍ പരാതിപ്പെട്ടു.

തങ്ങളുടെ പ്രയാസം അറിയിക്കാന്‍ പ്രോട്ടോകോള്‍ ഓഫീസറെ അന്വേഷിച്ചപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ബന്ധപ്പെടാനാണ് ചിലര്‍ നിര്‍ദേശിച്ചതെന്നും പിന്നീട് ജില്ല പൊലീസ് മേധാവി തങ്ങളെ വിളിച്ചെന്നും ആരോഗ്യസംഘം പറഞ്ഞു.