‘സംഭാവന നല്‍കിയവരില്‍ ചൈനീസ് കമ്പനികളും ഉള്‍പ്പെടുന്നുണ്ടോ?’; പി എം കെയേഴ്സില്‍ ചോദ്യങ്ങളുയർത്തി പി. ചിദംബരം

Jaihind News Bureau
Wednesday, August 19, 2020

 

ന്യൂഡല്‍ഹി:  പി എം കെയേഴ്സ് ഫണ്ടിൽ ചോദ്യങ്ങളുയർത്തി പി ചിദംബരം. പി.എം. കെയേഴ്സില്‍ നിന്നുള്ള കൊവിഡ് ഫണ്ട് ദുരന്തനിവാരണ നിധിയിലേക്ക് മാറ്റേണ്ടെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ചിദംബരം  ചോദ്യങ്ങളുമായി രംഗത്തെത്തിയത്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പണം അനുവദിക്കുന്നതിലെ നടപടിക്രമങ്ങൾ എന്താണ്? ഫണ്ട് ശേഖരണം ആരംഭിച്ചതു മുതൽ ആരെല്ലാമാണ് ഇതിന്‍റെ ഗുണഭോക്താക്കൾ തുടങ്ങിയ ചോദ്യങ്ങളാണ് പി ചിദംബരം ഉന്നയിച്ചിരിക്കുന്നത്.

മാര്‍ച്ചില്‍ ഫണ്ട് ആരംഭിച്ച് ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളില്‍ 3,076 കോടി രൂപ സംഭാവന നല്‍കിയത് ആരൊക്കെയാണ്?, ചൈനീസ് കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടോ?. ഏപ്രില്‍ 1 മുതല്‍ എത്ര രൂപയാണ് ഫണ്ടിലേക്കു വന്നത്?. ആരൊക്കെയാണ് സംഭാവന നല്‍കിയത്? തുടങ്ങിയ ചോദ്യങ്ങള്‍ ചിദംബരം ട്വിറ്ററിലൂടെ ഉന്നയിച്ചു. ഫണ്ട് വിവരാവകാശ നിയമത്തിന്‍റെ പരിധിക്കു പുറത്താണെങ്കില്‍ ആരാണ് ഇതിനൊക്കെ ഉത്തരം നല്‍കുകയെന്നും ചിദംബരം ട്വീറ്റ് ചെയ്തു. പി എം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു. ചൈനയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്നത് ബിജെപിയും നേതാക്കളുമാണെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്.