ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയില്‍ കർഷകരോട് പ്രതിഷേധിക്കരുതെന്ന് ബിജെപി പഞ്ചാബ് നേതൃത്വം. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ബിജെപിക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചാല്‍ അത് പ്രധാനമന്ത്രിക്ക് കൈമാറാമെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
23ന് പഞ്ചാബിലെ പട്യാലയിലും 24ന് ഗുരുദാസ്പൂര്‍, ജലന്ധര്‍ എന്നിവിടങ്ങളിലുമാണ് പ്രധാനമന്ത്രി മോദിയുടെ റാലി നടക്കുന്നത്. ഈ സ്ഥലങ്ങളില്‍ റാലി നടക്കുമ്പോള്‍ പ്രതിഷേധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. സ്വാമിനാഥന്‍ കമിറ്റി നിര്‍ദ്ദേശിച്ച മിനിമം താങ്ങുവില ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകളുടെ പ്രതിഷേധം. കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ വേണ്ടി ഹരിയാന പോലീസ് നടത്തിയ നടപടികളിലും സംഘടനകള്‍ക്ക് പ്രതിഷേധമുണ്ട്. പോലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് മോദി പങ്കെടുക്കുന്ന റാലിയില്‍ പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
കര്‍ഷകരുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലെത്തിക്കുമെന്ന് തങ്ങള്‍ ഉറപ്പ് നല്‍കുകയാണെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം മനോരഞ്ജന്‍ ഖലിയ പറഞ്ഞു. പ്രധാനമന്ത്രി മെമ്മോറാണ്ടത്തെ പോസിറ്റീവായി കണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. റാലിക്കിടെ പ്രതിഷേധക്കുന്നത് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് ആവശ്യങ്ങള്‍ സംബന്ധിച്ച് കര്‍ഷക സംഘടനകള്‍ ധാരണയിലെത്തണം. ഇപ്പോള്‍ കര്‍ഷക സംഘടന നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.