‘സ്വന്തം ശീലം വെച്ച് മറ്റുള്ളവരെ അളക്കരുത് ; തെറി പറയുന്നത് പ്രതിപക്ഷത്തിന്‍റെ സംസ്കാരമല്ല’ : മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ മറുപടി | Video

 

കോഴിക്കോട് : പ്രതിപക്ഷം ഉന്നയിച്ച ഗുരുതര അഴിമതി ആരോപണങ്ങളിലൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.  അഴിമതികള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ മുഖ്യമന്ത്രി കിണർ റീചാർജ് ചെയ്യുന്നതിനെക്കുറിച്ചും മത്സ്യകൃഷിയെക്കുറിച്ചുമൊക്കെയാണ് പറയുന്നത്. തെറി പറയുന്നത് ആരുടെ സംസ്കാരമാണെന്ന് എല്ലാവർക്കും അറിയാമെന്നും കള്ളനെ കയ്യോടെ പിടികൂടുമ്പോള്‍ കാട്ടുന്ന ജാഗ്രതയാണ് മുഖ്യമന്ത്രിക്കെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

മുഖ്യമന്ത്രി നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെ എഴുതി തയാറാക്കിയ പ്രസംഗം നോക്കി വായിക്കുകയായിരുന്നു. സ്പീക്കർ ഒരവസരത്തില്‍ പോലും ഇടപെട്ടില്ല. എഴുതിക്കൊടുത്ത ആരോപണങ്ങള്‍ക്ക് പോലും മറുപടി നല്‍കാത്തപ്പോഴാണ് പ്രതിപക്ഷം ജനാധിപത്യരീതിയില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. തെറി പറയുന്നത് പ്രതിപക്ഷത്തിന്‍റെ സംസ്കാരമല്ല. ആരാണ് തെറി പറയുന്നതെന്ന് എല്ലാവർക്കുമറിയാം. ‘പരനാറി, നികൃഷ്ടജീവി, എടോ ഗോപാലകൃഷ്ണാ, കുലംകുത്തി’ എന്നൊക്കെയുള്ള ഉദാഹരണങ്ങള്‍ പൊതുസമൂഹത്തിന്‍റെ മുന്നിലുണ്ട്. സ്വന്തം ശീലം വെച്ച് മറ്റുള്ളവരെ അളക്കാന്‍ നോക്കരുത്. ജനാധിപത്യബോധം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ സർക്കാരിനെതിരെ അവിശ്വാസം പാസാക്കിയിട്ട് വർഷങ്ങളായെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ്. തീവെട്ടിക്കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സർക്കാരിന്‍റെ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാനുള്ള ബാധ്യതയുണ്ട്. ലൈഫ് പദ്ധതിയിലെ റെഡ്ക്രസന്‍റുമായുള്ള ധാരണാപത്രത്തിന്‍റെ കോപ്പി ആവശ്യപ്പെട്ട് നാല് ആഴ്ച കഴിഞ്ഞിട്ടും ഇത് നല്‍കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. സർക്കാരിന്‍റെ കള്ളക്കളികള്‍ പൊളിയുമെന്നതിനാലാണ് കോപ്പി നല്‍കാന്‍ തയാറാകാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു കാറ്റടിച്ചാല്‍ നിലംപൊത്തുന്ന രീതിയിലാണ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിർമാണമെന്ന് ഇവിടം സന്ദർശിച്ചപ്പോള്‍ മനസിലായി.  ഇതിലൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ല. എന്‍.ഐ.എ അന്വേഷിക്കട്ടെ അപ്പോള്‍ പറയാമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്രത്തെ അറിയിക്കാതെയാണ് കരാർ നടത്തിയത്. വിദേശത്തുവെച്ച് മുഖ്യമന്ത്രിയും പരിവാരവും വിദേശസഹായം തേടാന്‍ പോയപ്പോള്‍ എത്ര കോടി കിട്ടിയെന്നത് സർ‍ക്കാർ വ്യക്തമാക്കണം. 20 കോടിയില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ട്. ഈ പണം ആര് പിരിച്ചു, പണം എവിടെ, സ്വപ്ന സുരേഷിന് എങ്ങനെ കമ്മീഷന്‍ കിട്ടി, സ്വപ്നയാണോ സര്‍ക്കാരിനെ റെഡ് ക്രസന്‍റുമായി ബന്ധപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയണം.

സെക്രട്ടേറിയറ്റിലെ ഫയലുകള്‍ കത്തിച്ചത് തന്നെയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സെന്‍ട്രലൈസ്ഡ് എ.സി ഉള്ളിടത്ത് ഫാനില്‍ നിന്ന് തീപിടിച്ചു എന്ന് പറയുന്നത് വിശ്വസനീയമല്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആരാണ്? അവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. ചീഫ് സെക്രട്ടറിക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/335799164134086

Comments (0)
Add Comment