പത്തനംതിട്ട: ജില്ലാ മെഡിക്കൽ ഓഫീസിലെ ഉന്നതരിൽ നിന്ന് ഫാർമസിസ്റ്റ് ആയ വനിതാ ജീവനക്കാരി പീഡിപ്പിക്കപ്പെട്ട സംഭവം ഡി.എം.ഒ ഒതുക്കിത്തീർത്തതായി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു. സ്ത്രീയായ ഇരയുടെ പരാതി പൊലീസിന് കൈമാറാതെ ഡി.എം.ഒ രഹസ്യമാക്കിവെച്ച് സംഭവം ആരോഗ്യമന്ത്രി ഇടപെട്ട് ഒതുക്കി തീർത്തെന്നും അഡ്വ. പഴകുളം മധു ആരോപിച്ചു.
ആർദ്രം മിഷൻ ജില്ലാ കോ ഓർഡിനേറ്റർക്കെതിരെ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ജീവനക്കാരി നൽകിയ പരാതി ക്രിമിനൽ സ്വഭാവമുള്ളതായിട്ടും ഡി.എം.ഒ , ഡെപ്യൂട്ടി ഡി.എം.ഒ , ഡിപിഎം എന്നിവർ മന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്‍റെയും ഇടപെടലിനെ തുടർന്ന് 29.6.2020 ൽ കൂടിയ ഇന്‍റേണല്‍ കംപ്ലയിന്‍റ് കമ്മിറ്റിയിൽ ഒതുക്കിത്തീർത്ത് ആരോപണവിധേയനെ രക്ഷപ്പെടുത്തുകയായിരുന്നു.
ഈ പ്രതി സിപിഎം സൈബർ പോരാളിയെപ്പോലെ പ്രവർത്തിക്കുന്നയാളാണ്. പാർട്ടിക്കാരനായതുകൊണ്ടു മാത്രമാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ജില്ലാ മെഡിക്കൽ ഓഫീസിൽ സി പി എം അനുഭാവികളെ കുത്തിനിറച്ചു വലിയ അഴിമതിയും അനധികൃത നിയമനങ്ങളും നടത്തുന്ന ലോബി പ്രവർത്തിക്കുന്നുണ്ട്. ആ ലോബി ഇരയായ പെൺകുട്ടിയെ പിന്തുടർന്ന് ഉപദ്രവിക്കുന്നതായും പരാതിയുണ്ട്.
ആർദ്രം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ആയ ഡോ. ശ്രീരാജ് സ്ത്രീ ജീവനക്കാരിയെ ഇനിമേൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കില്ല എന്ന് 500 രൂപ മുദ്രപത്രത്തിൽ എഴുതിക്കൊടുത്താണ് രക്ഷപ്പെടുത്തിയത്. ഇടതുഭരണത്തിൽ ശൈലജ ടീച്ചറുടെ വകുപ്പിലും സ്ത്രീ പീഡനം ഒത്തുതീർപ്പാക്കുന്നതിന്‍റെ വ്യക്തമായ തെളിവാണിത്. ഒരു വനിതാ മന്ത്രി ഇങ്ങനെ സ്ത്രീപീഡനം തേച്ചുമായ്ച്ചുകളയുന്നത് ക്രൂരമാണ്. മന്ത്രി ശൈലജ ടീച്ചർ സ്ത്രീസമൂഹത്തോടും കേരള ജനതയോടും മാപ്പു പറഞ്ഞ് രാജിവെച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആലപ്പുഴ ജില്ലയില്‍ നിന്നും വരുന്ന ഇരയായ പെൺകുട്ടിയെ ഡി.എം.ഒയും എൻജിഒ യൂണിയനും ചേർന്ന് നെല്ലിക്കമണ്ണിലേക്ക് ട്രാൻസ്ഫർ ചെയ്തു വീണ്ടും പീഡിപ്പിക്കുകയാണ്. ഈ സംഭവത്തിൽ കുറ്റവാളികളായ ആർദ്രം മിഷൻ കോ ഓർഡിനേറ്റർ ശ്രീരാജ്, ആരോപണവിധേയനെ രക്ഷപെടാൻ സഹായിച്ച ഡി എം ഒ, ഡെപ്യൂട്ടി ഡി എം ഒ എന്നിവരെ സസ്‌പെൻഡ് ചെയ്തു . കോടതി നിരീക്ഷണത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്നും ഈ സംഭവം അറിഞ്ഞിട്ടും നടപടി എടുക്കാത്ത ആരോഗ്യമന്ത്രി രാജിവെക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.