വെല്ലൂർ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി : തെരഞ്ഞെടുപ്പ് കമ്മീഷന് ഡിഎംകെയുടെ കത്ത്; ഹൈക്കോടതിയെ സമീപിക്കും

തമിഴ്‌നാട്ടിലെ വെല്ലൂർ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ഡിഎംകെ ഇന്ന് മദ്രാസ് ഹൈക്കോടതിയേയും സമീപിക്കും.

വെല്ലൂരിലെ ഡിഎംകെ സ്ഥാനാർത്ഥി കതിർ ആനന്ദിൻറെ വസതിയിലും ഓഫീസിലും ഗോഡൗണിൽ നിന്നുമായി ആദായ നികുതി വകുപ്പ് കോടികൾ പിടിച്ചെടുത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കമ്മീഷൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്. ഡിഎംകെ ട്രഷറർ ദുരൈ മുരുകന്‍റെ മകനാണ് കതിർ ആനന്ദ്. ദുരൈമുരുകന്‍റെ അടുത്ത അനുയായിയായ പൂഞ്ചോലൈ ശ്രീനിവാസന്‍റെ ഉടമസ്ഥതയിലുള്ള സിമന്‍റ് ഗോഡൗണിൽ നിന്ന് 11.5 കോടി രൂപയുടെ പുതിയ നോട്ട് കെട്ടുകൾ ആദായ നികുതി വകുപ്പിൻറെ പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി ആസൂത്രിത നീക്കം നടത്തുകയാണെന്ന് ഡിഎംകെ ആരോപിച്ചു. വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ പുതുച്ചേരി ഉൾപ്പടെ തമിഴ്‌നാട്ടിൽ നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 39 ആയി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ വീട്ടുകളിലും പാർട്ടി ഓഫീസുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തി. ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിലും ടിടിവി ദിനകരന്‍റെ അമ്മ മക്കൾ മുന്നേറ്റ കഴകം ഓഫീസിലും ഡിഎംകെ ജനറൽ സെക്രട്ടറി ഗീതാ ജീവന്‍റെ വസതിയിലുമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. എന്നാൽ രണ്ടര മണിക്കൂറോളം നീണ്ട തെരച്ചലിന് ഒടുവിൽ കനിമൊഴിയുടെ വീട്ടിൽ നിന്ന് അനധികൃതമായി ഒന്നും കണ്ടെത്താനാവാതെ ഉദ്യോഗസ്ഥർ മടങ്ങി.

dmkElection Commission of Indiamk stalin
Comments (0)
Add Comment