കോണ്‍ഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ ഡി.കെ ശിവകുമാറിനെതിരെ രാഷ്ട്രീയ പ്രതികാര നടപടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. തുടർച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നത്. ചോദ്യങ്ങൾക്ക് ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് കാട്ടിയാണ് ഇ.ഡി രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഒരു തെറ്റും ചെയ്യാതെയാണ് ഈ ശിക്ഷയെന്നും ഇ.ഡിയുടെ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിച്ചിരുന്നതായും ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.
നേരത്തേ ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്ത് ശിവകുമാർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്ന് എൻഫോഴ്സ്മെന്റ് വീണ്ടും ശിവകുമാറിന് ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു. തുടർന്ന് ഡല്‍ഹിയിലെത്തിയ ശിവകുമാർ ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തമാക്കിയിരുന്നു. ഗണേശചതുർത്ഥി ദിവസം പോലും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് ശിവകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനാകുകയും ചെയ്തിരുന്നു. ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ഹാജരാകുന്നതിന് ഒരു ദിവസത്തെ സാവകാശം ശിവകുമാര്‍ ചോദിച്ചിരുന്നെങ്കിലും ഇ.ഡി അനുവദിച്ചിരുന്നില്ല. വീട്ടില്‍ നടക്കുന്ന പ്രത്യേക പൂജകളിലൊന്നും പങ്കെടുക്കാനാവാതെയായിരുന്നു ശിവകുമാര്‍ ഡല്‍ഹിക്ക് തിരിച്ചത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തുടര്‍ന്ന ചോദ്യം ചെയ്യല്‍ അവസാനിക്കാതെ തിങ്കളാഴ്ചയും ഡി.കെയോട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ വെച്ച് മാധ്യമപ്രവര്‍ത്തകരോട് വികാരപരമായാണ് അദ്ദേഹം പ്രതികരിച്ചത്.
‘എന്റെ അച്ഛന് വേണ്ടി പൂജ ചെയ്യാന്‍ എനിക്ക് സാധിച്ചില്ല. എന്റെ കുട്ടികള്‍ക്കൊപ്പമാണ് ഞാന്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാറ്. എന്നാല്‍ അവര്‍ അതിനും അനുവദിച്ചില്ല. ഒരു തെറ്റും ചെയ്യാതെയാണ് ഈ ശിക്ഷ’ – ഡി.കെ മാധ്യമങ്ങളോട് പറഞ്ഞു. മകന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ടവരാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു കേസ് കെട്ടിച്ചമച്ചതെന്നും സഹാനുഭൂതിയെന്ന ഒരു വികാരം ബി.ജെ.പിക്ക് ഇല്ലെന്നും ഡി.കെയുടെ അമ്മയും പ്രതികരിച്ചിരുന്നു.
ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന് ഇരയാകേണ്ടിവരികയാണ് പ്രതിപക്ഷമെന്ന് ശക്തമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന പി ചിദംബരത്തെ അറസ്റ്റ് ചെയ്ത നടപടിക്ക് സമാനമായ രീതിയിലാണ് ഇപ്പോള്‍ ഡി.കെ ശിവകുമാറിനെതിരെയും ബി.ജെപിയുടെ രാഷ്ട്രീയ പ്രതികാര നടപടി ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ കേസില്‍ കുടുക്കി നിശബ്ദരാക്കുന്ന സമീപനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.