‘ഞാനും രാജരാജേശ്വരി ദേവിയുടെ ഭക്തന്‍, ഇവിടെ ഇത്തരം പൂജ നടത്താറില്ലെന്ന് എനിക്കറിയാം, അടുത്തുള്ള സ്ഥലത്തെക്കുറിച്ചാണ് പറഞ്ഞത്’; വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് ഡി.കെ. ശിവകുമാർ, വ്യക്തത വരുത്തി കുറിപ്പ് | VIDEO

 

ബംഗളുരു: കർണാടക സർക്കാരിനെ താഴെയിറക്കാന്‍ ചിലർ മൃഗബലി ഉള്‍പ്പെടെ നടത്തി എന്ന ആരോപണത്തില്‍ വ്യക്തത വരുത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.  രാജരാജേശ്വരി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജ നടത്താറില്ലെന്നത് തനിക്കറിയാം. മൃഗബലി നടത്തിയത് രാജരാജേശ്വരി ക്ഷേത്രത്തിന് 15 കിലോമീറ്റർ അടുത്തുള്ള സ്ഥലത്താണെന്നാണ് താന്‍ പറഞ്ഞത്. തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജരാജേശ്വരി ക്ഷേത്രം താന്‍ സന്ദർശിച്ചിട്ടുണ്ടെന്നും ഇവിടുത്തെ അനുഗ്രഹം ലഭിക്കാന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ടെന്നും ഡി.കെ. ശിവകുമാർ എക്സ് പോസ്റ്റില്‍ പറഞ്ഞു.

“ഞാൻ രാജരാജേശ്വരി ദേവിയുടെ വലിയ വിശ്വാസിയും ഭക്തനുമാണ്, രാജരാജേശ്വരി ക്ഷേത്രത്തിൽ ‘ശത്രുസംഹാരപൂജ’ നടത്താറില്ലെന്ന് എനിക്കറിയാം. എന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ സ്വകാര്യ സ്ഥലത്ത് ഈ പൂജ നടത്തുന്നതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞതെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ ക്ഷേത്രത്തെ പരാമർശിച്ച ഒരേയൊരു കാരണം, ഈ പൂജ നടക്കുന്ന സ്ഥലത്തെക്കുറിച്ച് സൂചന നൽകാന്‍ വേണ്ടി മാത്രമാണ്. കുറച്ചുകാലം മുമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന്‍റെ അനുഗ്രഹം ലഭിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അതിനാൽ സാന്ദർഭികമായി പറഞ്ഞതില്‍ നിന്ന് കാര്യങ്ങൾ അടർത്തി എടുത്ത് തെറ്റായി വ്യാഖ്യാനിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.” – ഡി.കെ. ശിവകുമാർ എക്സില്‍ കുറിച്ചു.

 

Comments (0)
Add Comment