ഡി.കെ ശിവകുമാറിനെ ഈ മാസം 13 വരെ റിമാൻഡ് ചെയ്തു; പ്രതികാര രാഷ്ട്രീയം നിയമത്തെക്കാൾ ശക്തമെന്ന് ഡി.കെ

Jaihind News Bureau
Wednesday, September 4, 2019

കോണ്‍ഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ ഈ മാസം 13 വരെ റിമാൻഡ് ചെയ്തു. ഡൽഹി റോസ് അവന്യു കോടതിയാണ് ശിവകുമാറിനെ എൻഫോഴ്‌സമെന്‍റ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടത്. ബി ജെ പി ക്ക് എതിരെ ശബ്ദമുയർത്തുന്നവരെ അധികാരം ഉപയോഗിച്ച് കള്ളക്കേസുകളിൽ കടുക്കുന്നതിന്‍റെ ഭാഗമായാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.

എല്ലാ ദിവസവും അരമണിക്കൂർ നേരം ബന്ധുക്കൾക്ക് ശിവകുമാറിനെ സന്ദർശിക്കാനും സിബിഐ ജ‍ഡ്ജി അജയ് കുമാർ കുഹാർ അനുമതി നൽകി.

കര്‍ണാടകത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ശിവകുമാറിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട അഭിഭാഷകനോട് ജഡ്ജി അജയ് കുമാര്‍ കുഹാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്.   ‘ഒരിക്കലുമാവില്ല’ എന്നായിരുന്നു ജഡ്ജിയുടെ മറുപടി.

അന്വേഷണവുമായി പൂർണമായി സഹകരിച്ചുവെന്നും അന്വേഷണത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഡി.കെ ശിവകുമാർ കോടതിയിൽ വ്യക്തമാക്കി.

അതേസമയം, രാഷ്ട്രീയ പകപോക്കൽ രാജ്യത്ത് നിയമ സംവിധാനത്തെക്കാൾ കരുത്താർജിക്കുകയാണെന്ന് ഡി.കെ ശിവകുമാർ പ്രതികരിച്ചു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആർ. എം. എൽ ആശുപത്രിയിലെ കൊറോണറി കെയർ യൂണിറ്റില്‍ ശിവകുമാറിനെ പ്രവേശിപ്പിച്ചിരുന്നു. ശിവകുമാറിനെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ  എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ തടഞ്ഞു.