ദിവ്യയുടെ വാദം പൊളിഞ്ഞു: ‘നവീൻ ​ബാബു ​കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ല’, നല്‍കിയിട്ടുമില്ലെന്ന് ഗംഗാധരന്‍

 

കണ്ണൂർ: പി.പി. ദിവ്യയുടെ ആരോപണങ്ങൾ കണ്ണൂർ മയ്യിൽ സ്വദേശിയായ റിട്ട. അധ്യാപകൻ ഗംഗാധരൻ തള്ളി. എഡിഎം കൈക്കൂലി വാങ്ങിയതായി താൻ പരാതിയിൽ പറഞ്ഞിട്ടില്ല. തന്‍റെ സ്‌ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസിൽ നിന്ന് നൽകിയ സ്‌റ്റോപ് മെമ്മോയ്ക്ക് എതിരെയാണ് ഞാൻ പരാതി പറഞ്ഞത്. ടി.വി പ്രശാന്തിനെ കൂടാതെ ഗംഗാധരൻ എന്ന ആൾ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി പറഞ്ഞതായി പി.പി ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാല്‍ ദിവ്യയുടെ ആ പരാമര്‍ശത്തെ പാടെ തള്ളുകയാണ് ഗംഗാധരൻ.

എഡിഎം മുതൽ താഴേക്ക് റവന്യൂ വകുപ്പിന്‍റെ ഉദ്യോഗസ്ഥ ശ്രേണിയിലെ എല്ലാ ഉദ്യോഗസ്‌ഥർക്കും എതിരെയാണ് താൻ വിജിലൻസിന് പരാതി നൽകിയത്. വിജിലൻസിന് നൽകിയ പരാതി എഡിഎം മരിക്കുന്നതിനു മുൻപേ കൊടുത്തതാണ്. കൈക്കൂലി പ്രതീക്ഷിക്കുന്നുവെന്ന നിലയിൽ പെരുമാറ്റം എഡിഎമ്മിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ഗംഗാധരൻ പറഞ്ഞു. എന്നോട് നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ല, ഇന്നുവരെ ഞാൻ ആർക്കും കൈക്കൂലി കൊടുത്തിട്ടുമില്ലെന്ന് ഗംഗാധരന്‍ പറഞ്ഞു.

എഡിഎമ്മിന്‍റെ മരണത്തിന് ഉത്തരവാദി എന്ന ആരോപണമുയർന്ന പി.പി. ദിവ്യയു​ടെ മുൻകൂർ ജാമ്യഹര്‍ജിയിൽ ഗംഗാധരന്‍റെ പേര് പരാമർശിച്ചിരുന്നു. ഗംഗാധരനിൽ നിന്ന് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. ഇത് സംബന്ധിച്ച് ഗംഗാധരൻ പരാതി നൽകിയിട്ടുണ്ടെന്നും ദിവ്യ പരാമർശിച്ചിരുന്നു. എഡിഎം കൈക്കൂലി ചോദിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘2024 സെപ്തംബര്‍ നാലിനാണ് ഞാന്‍ വിജിലന്‍സില്‍ പരാതി കൊടുക്കുന്നത്. പരാതി ആറുപേജുണ്ട്. കൈക്കൂലിയുമായി ബന്ധപ്പെട്ട് ഒന്നുമില്ല. കൈക്കൂലി ചോദിച്ചെന്ന ദിവ്യയുടെ വാദം തെറ്റാണ്. പരിഹരിക്കാമായിരുന്നിട്ടും നവീന്‍ ബാബു ഫയല്‍ സംബന്ധമായി നീതികാട്ടിയില്ല. ഒരു ഫോണ്‍ വിളിച്ച് പരിഹരിക്കാവുന്ന പ്രശ്‌നമേയുണ്ടായിരുന്നുള്ളൂ’-ഗംഗാധരന്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. എഡിഎമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്, ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്‍റെ നടപടിയിൽ വിമർശനം ഉന്നയിച്ചു. അതിനു പിന്നാലെയായിരുന്നു എഡിഎമ്മിന്‍റെ ആത്മഹത്യ.

Comments (0)
Add Comment