ഇന്ത്യയെ വിഭജിക്കുക, കൊള്ളയടിക്കുക എന്നതാണ് മോദിയുടെ രാഷ്ട്രീയം; ദാരിദ്ര്യത്തെ തുടച്ചുനീക്കുന്നതിനാണ് കോണ്‍ഗ്രസിന്റെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക്: രാഹുല്‍ഗാന്ധി

Jaihind Webdesk
Sunday, March 31, 2019

ഹൈദരാബാദ്: ഇന്ത്യയുടെ ഭരണഘടന തകര്‍ക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യമെന്നും ഇതിന് കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും രാഹുല്‍ഗാന്ധി. വിജയവാഡയില്‍ കോണ്‍ഗ്രസ് പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഈ രാജ്യം ഒരു വ്യക്തിയുടേയോ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയോ മാത്രം സ്വത്തല്ല. ഇന്ത്യയെ വിഭജിക്കാനാണ് മോദി ശ്രമിച്ചതെന്നും എന്നാല്‍ ഒറ്റ ഇന്ത്യയെന്ന ലക്ഷ്യം മാത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും രാഹുല്‍ പറഞ്ഞു.

ഐക്യവും അഖണ്ഡതയുമുള്ള ഒറ്റ ഇന്ത്യ, മതസൗഹാര്‍ദമുള്ള ഇന്ത്യ ഇതാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യയെ വിഭജിക്കാനായിരുന്നു മോദിയുടെ ശ്രമം. അതില്‍ ഒന്ന് ധനികര്‍ക്കുള്ളതായിരുന്നു. അനില്‍ അംബാനിയേയും മെഹുല്‍ ചോക്സിയേയും പോലുള്ളവര്‍ക്ക്. അടുത്ത ഇന്ത്യ കര്‍ഷകരുടേയും തൊഴില്‍ രഹിതരുടേതുമായിരുന്നു.

അതുകൊണ്ട് തന്നെ 2019 ല്‍ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. അത് ദാരിദ്ര്യത്തിന് എതിരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്കാണ്. നരേന്ദ്രമോദി പാവപ്പെട്ടവര്‍ക്ക് നേരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമ്പോള്‍ ഞങ്ങളുടെ യുദ്ധം ദാരിദ്ര്യത്തിന് എതിരെയായിരിക്കും. ന്യായ് പദ്ധതി ഞങ്ങള്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതോടെ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആന്ധ്ര പ്രദേശില്‍ നടന്ന തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ മുന്നോട്ടുവെച്ച മിനിമം വരുമാന പദ്ധതി പൂര്‍ണമായും നടപ്പിലാക്കുമെന്നും കള്ളം പറയാന്‍ താന്‍ മോദിയല്ലെന്നും രാഹുല്‍ വ്യക്തമാക്കി.

പാവപ്പെട്ടവര്‍ക്ക് ഒരു വര്‍ഷം 72000 രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 15 ലക്ഷം ഓരോരുത്തരുടേയും അക്കൗണ്ടില്‍ ഇടുമെന്ന് മോദി പറഞ്ഞതുപോലെയല്ല അത്. ഓരോ പൗരന്റേയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം ഇടാന്‍ ഇന്ത്യാ സര്‍ക്കാരിന് ഒരിക്കലും സാധിക്കില്ല. പക്ഷേ പാവപ്പെട്ടവര്‍ക്കായി വര്‍ഷം 72000 രൂപ അക്കൗണ്ടില്‍ ഇടുകയെന്നത് സാധ്യമാകുന്ന കാര്യമാണ്. അധികാരത്തിലെത്തിയാല്‍ യുവാക്കള്‍ക്ക് പുതുസംരംഭങ്ങളും ബിസിനസുകളും ആരംഭിക്കാന്‍ ഉതകുന്ന എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.