സംസ്ഥാന നേതൃയോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങള്‍; ഇന്ന് മുതല്‍ സിപിഎമ്മിന്‍റെ ജില്ലാ നേതൃയോഗം

 

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനായുള്ള സിപിഎമ്മിന്‍റെ ജില്ലാ നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. അഞ്ചുദിവസം നീണ്ടുനിന്ന സംസ്ഥാന നേതൃയോഗത്തിന്‍റെ തുടർച്ചയായിട്ടാണ് ജില്ലാ തല അവലോകനങ്ങൾ ആരംഭിക്കുന്നത്. സംസ്ഥാന നേതൃയോഗത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെ നിശിദമായ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. അതിരൂക്ഷമായ വിമർശനങ്ങൾ ജില്ലാ തല അവലോകന യോഗങ്ങളിലും മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഉയരുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ ശൈലി സർക്കാരിന്‍റെ സമീപനം പാർട്ടിയുടെ നയം ഇവയെല്ലാം സംസ്ഥാന നേതൃയോഗത്തിന് പിന്നാലെ ജില്ലാ നേതൃയോഗങ്ങളിലും വിമർശന വിധേയമാകും. ജില്ലാ യോഗങ്ങളിൽ നിന്ന് ക്രോഡീകരിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാവും സർക്കാരിന്‍റെ തുടർ പ്രവർത്തനത്തിനുള്ള മുൻഗണനാ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അന്തിമ രൂപം നൽകുക. ഘടകകക്ഷിയായ സിപിഐയുടെ ജില്ലാ നേതൃയോഗങ്ങളിൽ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ കനത്ത വിമർശനങ്ങളാണ് ഉയർന്നിരുന്നത്.

Comments (0)
Add Comment