പി വി അൻവർ എം എൽ എ ചെയർമാനായ റീ ബിൽഡ് നിലമ്പൂർ പദ്ധതിക്കെതിരെ മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്

Jaihind News Bureau
Wednesday, January 8, 2020

പി.വി.അൻവർ ചെയർമാനായി നിലന്പൂരിലെ പ്രളയ പുനരധിവാസത്തിന് രൂപീകരിച്ച റീബിൽഡ് നിലമ്പൂരിന്‍റെ പ്രവർത്തനത്തിൽ ആശങ്ക. ഏക്കറുകണക്കിന് സ്ഥലവും നൂറുകണക്കിന് വീടുകൾക്കുള്ള സഹായവും ലഭിച്ചിട്ടും നിർമാണ പ്രവൃത്തി തുടങ്ങാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് മലപ്പുറം ജില്ലാ കളക്ടർ ജാഫർമാലിക് പറഞ്ഞു. വഴിവിട്ട ഇടപാടുകൾ നടത്താൻ എം.എൽ.എ. നിർബന്ധിക്കുകയാണെന്നും കളക്ടർ ആരോപിച്ചു. റീ ബിൽഡ് നിലമ്പൂരിന് സൗജന്യമായി ലഭിച്ച സ്ഥലം സർക്കാർ വില കൊടുത്തു വാങ്ങണമെന്ന നിർദേശം അംഗീകരിക്കാനാകില്ലെ ന്നും കളക്ടർ പറഞ്ഞു.

നിലമ്പൂരിനെ പാടെ തകർത്ത പ്രളയം കഴിഞ്ഞ് അഞ്ചുമാസം പിന്നിടുമ്പോളും പുനർനിർമാണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പ്രതികരണം. റീബിൽഡ് നിലമ്പൂരിന്‍റെ പ്രവർത്തനങ്ങളിൽ താൻ ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് ജാഫർ മാലിക് വ്യക്തമാക്കി.

കഴിഞ്ഞ പ്രളയത്തിൽ കവളപ്പാറയിലും സമീപ പ്രദേശങ്ങളിലുമായി വീടും സ്ഥലവും നഷ്ടപ്പെട്ടത് നൂറ്റി അമ്പത് കുടുംബങ്ങൾക്കാണ്. ഇവർക്ക് ഭൂമിക്കായി ലഭിക്കുന്ന ഒന്പത്‌കോടിയിൽ കയ്യിട്ട് വാരാനാണ് ചിലരുടെ ശ്രമമെന്ന് എം എയുടെ പേര് പറയാതെ കളക്ടർ പറഞ്ഞു. തെറ്റിന് കൂട്ടു നിൽക്കാൻ തന്നെ കിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.

കവളപ്പാറയിലെ പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നതിൻറെ കാരണം സ്വാർത്ഥ താൽപര്യത്തോടെയും ഭൂമാഫിയയെ സഹായിക്കാനുമുള്ള ചിലരുടെ ഇടപെടലാണെന്നും ആരുടെയും പേരെടുത്തുപറയാതെ ജില്ലാ കളക്ടർ പറഞ്ഞു.

പ്രളയ പുനരധിവാസത്തിന്റെ ഭാഗമായുള്ള ഭവന നിർമാണ പദ്ധതി തടഞ്ഞ പി വി അൻവർ എംഎൽഎക്കെതിരെ കേസടുക്കുമെന്നും കളക്ടർ പറഞ്ഞു.