പ്രളയ ദുരിതബാധിതർക്കുള്ള ഭക്ഷ്യധാന്യ വിതരണം സിപിഎം ഓഫീസിലൂടെ; രാഷ്ട്രീയ മുതലെടുപ്പെന്ന് ആക്ഷേപം

Jaihind Webdesk
Thursday, October 21, 2021

ആലപ്പുഴ : വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാനുള്ള സർക്കാർ ഭക്ഷ്യധാന്യങ്ങള്‍ സിപിഎം ഓഫീസിലൂടെ വിതരണം ചെയ്തത്  വിവാദത്തില്‍. പ്രളയ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലൂടെ നല്‍കേണ്ട ഭക്ഷ്യധാന്യങ്ങളാണ് സിപിഎം ഓഫീസ് വഴി വിതരണം ചെയ്തത്. ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡിലാണ് സംഭവം. മിത്രക്കരി തെക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് വഴിയാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തത്.

പാര്‍ട്ടി ഓഫീസ് വഴി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ദുരിതത്തിനിടെ രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമമെന്നാണ് ഉയരുന്ന ആക്ഷേപം. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ലേബലില്‍ പാര്‍ട്ടി ഓഫീസ് വഴി വിതരണം ചെയ്തതിനാല്‍ ദുരിതം അനുഭവിക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട പലരും  സഹായം കൈപ്പറ്റേണ്ടെന്ന് തീരുമാനം എടുക്കേണ്ടിവരികയും ചെയ്തു.

സിപിഎമ്മിന്‍റെ കൊടിയും ബാനറും അടക്കം പ്രദർശിപ്പിച്ചുകൊണ്ടാണ് പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബൈജു പറഞ്ഞു. വിവാദമായതോടെ സിപിഎം ഓഫീസിലെ ഭക്ഷ്യവിതരണകേന്ദ്രം വില്ലേജ് ഓഫീസർ പൂട്ടി. സർക്കാർ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് സിപിഎം നടത്തിയ രാഷ്ട്രീയ മുതലെടുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.