ഈന്തപ്പഴം വിതരണം എം.ശിവശങ്കറിന്‍റെ നിർദ്ദേശ പ്രകാരം; ആകെ 9973.50 കിലോ, കൂടുതൽ തൃശൂരിലേക്ക്

Jaihind News Bureau
Saturday, November 14, 2020

 

യുഎഇ കോൺസുലേറ്റിൽനിന്നുള്ള ഈന്തപ്പഴം സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിൽ വിതരണം ചെയ്തത് ഐടി സെക്രട്ടറി എം.ശിവശങ്കറിന്‍റെ നിർദേശപ്രകാരമായിരുന്നെന്ന് രേഖകൾ. 39,894 പേർക്ക് 250ഗ്രാം വീതം 9973.50 കിലോ ഈന്തപ്പഴമാണ് സ്ഥാപനങ്ങളിൽ വിതരണം ചെയ്തതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.

തൃശൂർ ജില്ലയിലാണ് കൂടുതൽ ഈന്തപ്പഴം വിതരണം ചെയ്തത് – 1257.25 കിലോ. കുറവ് ആലപ്പുഴയിൽ – 234 കിലോ. സാമൂഹ്യനീതി വകുപ്പിനോട് ഐടി സെക്രട്ടറി ഈന്തപ്പഴ വിതരണത്തിനു നിർദേശിച്ചതിന്‍റെ കാരണങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു വരികയാണ്.

17,000 കിലോ ഈന്തപ്പഴം നികുതിയില്ലാതെ യുഎഇയിൽനിന്ന് എത്തിച്ചശേഷം പുറത്തു വിതരണം ചെയ്തതിൽ ചട്ടലംഘനം നടന്നതായാണ് കസ്റ്റംസ് വിലയിരുത്തൽ. സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിൽ വിതരണം ചെയ്തതിനു പുറമേ സ്വപ്നയ്ക്കു പരിചയമുള്ള ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കും ഈന്തപ്പഴം വിതരണം ചെയ്തതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

മൂന്ന് വർഷം കൊണ്ടാണ് 17,000 കിലോഗ്രാം ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്.