ആഗോള തലത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ അകപ്പെട്ട് പോയ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ വിധിയുടെ ദാക്ഷിണ്യത്തിനു വിട്ടുകൊടുക്കരുതെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. പ്രവാസികൾ രക്തം വിയർപ്പാക്കി അയക്കുന്ന വിദേശ നാണ്യമാണ് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിന്റെ സാമ്പത്തിക മേഖലക്ക് ശക്തമായ അടിത്തറ പകർന്നിട്ടുള്ളത്. ഈ മഹാമാരിയുടെ കാലത്തു ഉറ്റവരെയും ഉടയവരെയും പിരിഞ്ഞു അധ്വാനിക്കുന്ന പ്രവാസി സമൂഹത്തെ സംരക്ഷിക്കാൻ കാതലായ ഇടപെടലുകൾ നടത്താത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാപ്പർഹിക്കാത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.
ഗൾഫ് രാജ്യങ്ങളിൽ അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരും, സാമൂഹിക അകലം പാലിക്കൽ സ്വപ്നത്തിൽ പോലും സാധ്യമല്ലാത്ത ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവരും ഈ കോവിഡ് മഹാമാരിയുടെ കാലത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായ ഹസ്തം പ്രതീക്ഷിച്ചു കഴിയുകയാണ്. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് പോലും പരിശോധന നടത്താനോ, ഐസൊലേഷൻ സംവിധാനം ഉപയോഗപ്പെടുത്താനോ, അടിയന്തിര ചികിത്സ തേടാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ്. പല രാജ്യങ്ങളിലും പ്രധാന നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞത് മൂലം പ്രവാസി സഹോദരങ്ങൾക്ക് അടിയന്തിര ശുശ്രൂഷ പോലും ലഭിക്കുന്നില്ല. വെറും പ്രസ്താവനകൾ കൊണ്ടോ, വാചകക്കസർത്തു കൊണ്ടോ ഈ മഹാമാരിയുടെ കാലത്തു ഈ അസാധാരണമായ ഭീഷണിയെ തടുത്തു നിർത്താനാവില്ല. വിവിധ രാഷ്ട്രത്തലവന്മാരുമായി എല്ലാ ദിവസവും ബന്ധപ്പെടുന്നുണ്ടെന്നു അവകാശപ്പെടുന്ന പ്രധാനമന്ത്രി ഇവിടങ്ങളിലെ ഇന്ത്യക്കാരുടെ നരകയാതന അവസാനിപ്പിക്കാൻ എന്ത് പ്രായോഗിക നടപടികളാണ് എടുത്തതെന്ന് വ്യക്തമാക്കണം.
ഈ ആഗോള അടച്ചിടൽ കാലത്തുപോലും മറ്റു രാജ്യങ്ങളിൽ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്മാരെ സ്വന്തം നാടുകളിലേക്ക് പ്രത്യേകം വിമാനം അയക്കാൻ വരെ പല ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെ തയ്യാറായി. ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരൽ അപ്രായോഗികമാണെങ്കിലും അവർ അധിവസിക്കുന്ന രാജ്യങ്ങളിൽ പരിശോധനകളും, ആവശ്യമായ വൈദ്യ സഹായവും, മരുന്നുകളും ഉറപ്പു വരുത്താനെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ഇന്ത്യൻ എംബസികൾ ഇത് വരെയും ഇക്കാര്യത്തിൽ ശാസ്ത്രീയവും, പ്രായോഗികവുമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നുള്ളത് ഖേദകരമാണ്.
എംബസ്സികളും, പ്രവാസി സംഘടനകളെയും സംയോജിപ്പിച്ചു പ്രവാസികൾക്ക് അടിയന്തിര വൈദ്യസഹായം എത്തിക്കാനും, പരിശോധനകൾ നടത്താനും, ഏറെ കാര്യങ്ങൾ ചെയ്യാനാവും. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വിളക്ക് തെളിയിക്കൽ യജ്ഞം ഉൾപ്പെടെ വിജയിപ്പിക്കാൻ ശ്രദ്ധ പുലർത്തിയ സംസ്ഥാന സർക്കാരും, മുഖ്യമന്ത്രിയും പ്രവാസി മലയാളികളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയാണ്. പ്രവാസികളുടെ ജീവൻ പന്താടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമീപനം അവസാനിപ്പിക്കണമെന്നും, ഈ മഹാമാരിയുടെ കാലത്തു പ്രവാസി സമൂഹത്തോടും സർക്കാരിന്റെ പ്രത്യേക കരുതൽ വേണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു