കേന്ദ്രത്തിന് ധാർഷ്ട്യം ; പെഗാസസ്, കാർഷിക വിഷയങ്ങൾ ചർച്ച ചെയ്യണം ; സംയുക്തപ്രസ്താവനയുമായി പ്രതിപക്ഷം

Jaihind Webdesk
Wednesday, August 4, 2021

ന്യൂഡൽഹി: പെഗാസസ്-കാർഷിക വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം നിരസിച്ച കേന്ദ്രസർക്കാരിനെതിരെ സംയുക്തപ്രസ്താവനയുമായി പ്രതിപക്ഷം. കേന്ദ്രത്തിന് ധാർഷ്ട്യമെന്നും പാർലമെന്‍റ് നടപടികൾ തടസപ്പെടുന്നതിന് ഉത്തരവാദി സർക്കാരാണെന്നും പ്രതിപക്ഷം ആരോപിച്ചു. പെഗാസസ് വിഷയം ഇരുസഭകളിലും ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉറച്ചുനിൽക്കുകയാണെന്നും സംയുക്തപ്രസ്താവനയിൽ പറയുന്നു.

ദേശീയ സുരക്ഷയെ സംബന്ധിച്ച വിഷയമായതിനാൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ മറുപടി നൽകണം. പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുന്നതിനായി കേന്ദ്രം തെറ്റായ പ്രചാരണം നടത്തുന്നത് നിർഭാഗ്യകരമാണ്. പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടതിന്റെ ഉത്തരവാദി ധാർഷ്ട്യത്തോടെയും ദുശ്ശാഠ്യത്തോടെയും പെരുമാറുന്ന, പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാൻ വിസമ്മതിക്കുന്ന സർക്കാരാണ്. – പ്രസ്താവനയിൽ പറയുന്നു.