EXCLUSIVE : കേരള ബാങ്ക് : സഹകരണവകുപ്പിന്‍റെ കണക്കിൽ പൊരുത്തക്കേടുകള്‍; നബാര്‍ഡ് പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്; സഹകരണ വകുപ്പ് ലാഭത്തിലെന്ന് പറയുന്ന ആറ് ജില്ലാ ബാങ്കുകള്‍ നഷ്ടത്തിൽ

കേരളാ ബാങ്ക് രൂപീകരണത്തിനായി സഹകരണ വകുപ്പ് നടത്തിയ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി നബാര്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട്. 2019 മാര്‍ച്ച് വരെയുള്ള സംസ്ഥാന സഹകരണ ബാങ്കിന്‍റെയും, 11 ജില്ലാ സഹകരണ ബാങ്കുകളിലെയും സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിങ്ങിലെ പൊരുത്തക്കേടുകള്‍ അക്കമിട്ട് നിരത്തുന്നതാണ് നബാര്‍ഡ് ഓഡിറ്റിങ് റിപ്പോര്‍ട്ട്. നബാര്‍ഡ് കേരള റീജ്യണല്‍ ജനറല്‍ മാനേജര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് – സഹകരണ വകുപ്പ് സെക്രട്ടറിക്കും, ആര്‍.ബി.ഐക്കും കൈമാറി. ഓഡിറ്റ് റിപ്പോർട്ടിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. ജയ്ഹിന്ദ് എക്സ്ക്ലൂസീവ്.

സംസ്ഥാന സഹകരണ ബാങ്കിലേയും, 11 ജില്ലാ ബാങ്കുകളിലെയും RBl നിർദ്ദേശിക്കുന്ന മൂലധന പര്യാപ്തതാ നിരക്ക് കണക്കാക്കിയതിലടക്കം സഹകരണ വകുപ്പിന്‍റെ ഓഡിറ്റിഗ് റിപ്പോർട്ടിൽ – നബാർഡ് നിരവധി പൊരുത്തുക്കേടുകള്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ജനുവരി 23 നാണ് സഹകരണ വകുപ്പ് സെക്രട്ടറി, ആര്‍.ബി.ഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ്, സംസ്ഥാന സഹകരണ ബാങ്ക് എംഡി തുടങ്ങിയവർക്ക് നബാര്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച കത്ത് നല്‍കിയത്. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം , വയനാട് എന്നീ ജില്ലാ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിഷ്‌കര്‍ഷിക്കുന്ന 9% മൂലധന പര്യപ്തത ഇല്ലെന്ന് നബാര്‍ഡ് ഓഡിറ്റിങ്ങില്‍ വ്യക്തമാക്കുന്നു. സഹകരണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ ബാങ്കുകള്‍ക്ക് മാത്രമാണ് മൂലധന പര്യാപ്തത കുറവുണ്ടായിരുന്നത്. എന്നാല്‍ നബാര്‍ഡ് പരിശോധനയില്‍ ഇടുക്കി വയനാട് ജില്ലാ ബാങ്കുകള്‍ക്കുകൂടി മതിയായ മൂലധന പര്യാപ്തത ഇല്ലെന്ന് കണ്ടെെത്തി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലാണെന്ന് സഹകരണ വകുപ്പ് പറയുന്ന ആലപ്പുഴ, എറണാകുളം, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട, വയനാട് ജില്ലാ ബാങ്കുകള്‍ നഷ്ടത്തിലാണെന്നും നബാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. 9 ജില്ലാ ബാങ്കുകളുടെ ലാഭകരമല്ലാത്ത ആസ്തി വര്‍ധിച്ചിട്ടുണ്ടെന്നും, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളുടേത് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും നബാര്‍ഡ് കണ്ടെത്തുതുകയുണ്ടായി. മൂലധന പര്യപ്തത നിരക്ക് കൂടൂതല്‍ കാണിച്ചും, ബാങ്കുകളുടെ നഷ്ടം മറച്ചുവെച്ചുമുള്ള റിപ്പോര്‍ട്ടുകളാണ് സഹകരണ വകുപ്പ് തയ്യാറാക്കിയത്. നബാര്‍ഡ് നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്തുകയും, ആര്‍.ബി.ഐക്കടക്കം കത്തയക്കുകയും ചെയ്തതോടെ സര്‍ക്കാരിന് ഇത് കൂടുതല്‍ തലവേദന സൃഷ്ടിക്കും. 2018 മാര്‍ച്ച് 31 ലെ നബാര്‍ഡിന്‍റെ കണക്ക് പ്രകാരം കേരള ബാങ്കിന് 9 ശതമാനം മൂലധന പര്യാപ്തത ആര്‍ജ്ജിക്കണമെങ്കില്‍, 97.92 കോടി രൂപയുടെ കുറവുണ്ട്ട്. കേരള ബാങ്ക് ലയനത്തിന് മുന്‍പ് ഈ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. മാത്രമല്ല, 9% മൂലധന പര്യാപ്തത തുടര്‍ന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നതടക്കമുളള നിര്‍ദേശത്തോടെയാണ് 13 ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്ന നടപടിക്ക് ആര്‍.ബി.ഐ കഴിഞ്ഞ നവംബറിൽ അംഗീകാരം നല്‍കിയത്. കേരള ബാങ്കിനുള്ള അന്തിമാനുമതി ലഭ്യമാക്കുന്നതിന് ആര്‍.ബി.ഐ നല്‍കിയ സമയം അവസാനിക്കാൻ 60 ദിവസത്തോളം മാത്രമാണുള്ളത്. ഇതിനിടയില്‍ നബാര്‍ഡ് ചൂണ്ടിക്കാണിച്ച അപര്യാപ്തതകള്‍ മറികടന്നില്ലെങ്കില്‍ ആര്‍.ബി.ഐയുടെ അന്തിമാനുമതി കേരളബങ്കിന് ലഭ്യമാകാനിടയില്ല.

kerala bank
Comments (0)
Add Comment