ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസിന്‍റെ വെളിപ്പെടുത്തല്‍ മയക്കുമരുന്ന്, ഗുണ്ടാ മാഫിയകള്‍ക്ക് സിപിഎം-ഡിവൈഎഫ്ഐ രക്ഷകര്‍തൃത്വമെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘങ്ങളുമായും സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘങ്ങളുമായും ക്വട്ടേഷന്‍ സംഘങ്ങളുമായും പി. ജയരാജനും മകനും ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. മലയോര മേഖലയില്‍ ക്വാറി മുതലാളിമാര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കാന്‍ പറ്റിയ ഏരിയാ സെക്രട്ടറിമാരെ നിയമിക്കുന്ന തലത്തിലേക്ക് സിപിഎം തരംതാഴ്ന്നു. സിപിഎമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് ഡിവൈഎഫ്ഐ നേതാവിന്‍റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു. പി. ജയരാജന് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ പൂർണരൂപം:
ഡിവൈഎഫ്ഐ മുന്‍ നേതാവ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നിരവധി തവണയായി കേരളത്തിലെ പ്രതിപക്ഷം സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിവരയിടുന്നതാണ്. നാട്ടിലെ ക്വട്ടേഷന്‍ മയക്കുമരുന്ന് ഗുണ്ടാ മാഫിയകള്‍ക്ക് കേരളത്തിലെ ഭരണകക്ഷിയാണ് രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നത്. അതിന്‍റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍. സിപിഎം ഉന്നത നേതാവായ പി. ജയരാജനും അദ്ദേഹത്തിന്‍റെ മകനും എതിരെയാണ് ഡിവൈഎഫ്ഐ നേതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘങ്ങളുമായും സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘങ്ങളുമായും കൊട്ടേഷന്‍ സംഘങ്ങളുമായും പി. ജയരാജനും മകനും ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. മലയോര മേഖലയില്‍ ക്വാറി മുതലാളിമാര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കാന്‍ പറ്റിയ ഏരിയ സെക്രട്ടറിമാരെ നിയമിക്കുന്ന തലത്തിലേക്ക് സിപിഎം തരംതാഴ്ന്നു. സിപിഎമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്നാണ് ഡിവൈഎഫ്ഐ നേതാവ് വ്യക്തമാക്കിയിരിക്കുന്നത്.
വെളിപ്പെടുത്തല്‍ നടത്തിയ മനു തോമസിനെ ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ്. മയക്കുമരുന്ന് സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയുമൊക്കെയാണ് ഭീഷണിക്ക് പിന്നില്‍. പാര്‍ട്ടിക്കെതിരെ സംസാരിച്ചാല്‍ അത് അവസാനിപ്പിക്കാന്‍ അറിയാമെന്നാണ് ഭീഷണി. ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ ക്രിമിനല്‍ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയാണ് ഇപ്പോള്‍ പാര്‍ട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലായി ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഇവര്‍ക്കെല്ലാം സിപിഎം നേതാക്കളാണ് കുടപിടിച്ചു കൊടുക്കുന്നത്.
എം. ഷാജിര്‍ എന്ന ഡിവൈഎഫ്ഐ നേതാവിനെതിരെ മനു തോമസ് ജില്ലാ കമ്മിറ്റിയില്‍ ആരോപണം ഉന്നയിക്കുകയും ആകാശ് തില്ലങ്കേരിയുടെ ശബ്ദരേഖ ഹാജരാക്കുകയും ചെയ്തു. ക്രിമിനല്‍ സംഘങ്ങളുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ആരോപണ വിധേയനായ ഷാജിറിനെ സിപിഎം യുവജന കമ്മീഷന്‍ ചെയര്‍മാനായി സ്ഥാനക്കയറ്റം നല്‍കി. ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച ആളാണ് ഇപ്പോള്‍ യുവജനകമ്മീഷന്‍ ചെയര്‍മാനായി ഇരിക്കുന്നത്. ഇവരൊക്കെയാണ് സിപിഎമ്മിന്‍റെ അടുത്ത തലമുറ.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് മുഴുവന്‍ സര്‍ക്കാര്‍ പരോള്‍ നല്‍കുകയാണ്. പരോളില്‍ ഇറങ്ങുന്ന ഈ പ്രതികള്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുകയും സ്വര്‍ണ്ണം പൊട്ടിക്കല്‍ നടത്തുകയും മയക്കുമരുന്ന് വിതരണം ചെയ്യുകയും ചെയ്ത കേസുകളില്‍ പ്രതികളായി. അറിയപ്പെടുന്ന ക്രിമിനലുകള്‍ക്കാണ് തോന്നിയതു പോലെ പരോള്‍ നല്‍കുന്നത്. അവര്‍ക്ക് ജയിലില്‍ നിന്നു വരെ ക്വട്ടേഷന്‍ നടപ്പാക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിക്കൊടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേക്കാലങ്ങളായി സിപിഎം ക്വട്ടേഷന്‍ സംഘങ്ങളെയും അധോലോക മാഫിയകളെയും വളര്‍ത്തിയതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മയക്കുമരുന്ന് മാഫിയ തഴച്ചു വളരുന്നതിന്‍റെ പിന്നിലും സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടെയും രാഷ്ട്രീയ രക്ഷകര്‍തൃത്വമാണെന്ന പ്രതിപക്ഷ ആരോപണമാണ് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നത്.
അധോലോക സംഘങ്ങള്‍ക്ക് മുഴുവന്‍ സിപിഎം കുടപിടിച്ചു കൊടുക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറിമാരാണ് എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറിമാരാണ് എസ്പിമാരെയും നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത്.
വടകരയില്‍ യൂത്ത് ലീഗ് നേതാവിന്‍റെ പേരില്‍ ‘കാഫിര്‍’ എന്ന വ്യാജ പോസ്റ്ററുണ്ടാക്കി പ്രചരിപ്പിച്ച സിപിഎം നേതാക്കള്‍ക്കെതിരെ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. വ്യാജ പോസ്റ്റര്‍ ഷെയര്‍ ചെയ്ത സിപിഎം മുന്‍ എംഎല്‍എയ്‌ക്കെതിരെയും കേസില്ല. തിരഞ്ഞെടുപ്പ് കാലത്ത് മുഴുവന്‍ ഷെയര്‍ ചെയ്ത ഈ പോസ്റ്റര്‍ 40 ദിവസത്തിന് ശേഷമാണ് പിന്‍വലിച്ചത്. യുഡിഎഫ് നേതാക്കളും വനിതാ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെയും അധിക്ഷേപിച്ചിരുന്ന സിപിഎം ഹാന്‍ഡിലുകള്‍ ഇപ്പോള്‍ പരസ്പരം പോരടിക്കുകയാണ്. അധികാരം സിപിഎമ്മിനെ ദുഷിപ്പിച്ചു. അധികാരം പങ്കുവെക്കുന്നതിന് വേണ്ടി നടക്കുന്ന തര്‍ക്കമാണ് ഇപ്പോള്‍ സിപിഎമ്മില്‍ നടക്കുന്നത്. മനു തോമസ് നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം.
കീഴ്വഴക്കമുണ്ടെങ്കിലും മനു തോമസിന്‍റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വിഷയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി കളക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖമാണ് പുറത്തു വന്നിരിക്കുന്നത്.
വടകര പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള വ്യാജ പോസ്റ്ററിന്‍റെ നിര്‍മ്മിതിയും അതിന്‍റെ പ്രചാരണവും സംബന്ധിച്ച ചോദ്യമാണ് ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്. എന്നാല്‍ അതിന്‍റെ മറുപടിയില്‍ നിന്നും രക്ഷപ്പെടാന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ കേസുകളെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. നിയമസഭാ നടപടികളെ ദുരുപയോഗം ചെയ്യുന്നതിന് മന്ത്രിയും കൂട്ടു നില്‍ക്കുകയാണ്. മന്ത്രി നേരത്തെ സ്പീക്കറായിരുന്ന ആളാണ്. ചോദ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത മറ്റു ചോദ്യങ്ങള്‍ ചോദിച്ച് വിഷയത്തില്‍ നിന്നും മാറ്റാനാണ് ശ്രമിച്ചത്. ബഹളം ഉണ്ടാക്കാനും പ്രകോപനമുണ്ടാക്കാനും ഓടിനടന്ന് നിര്‍ദ്ദേശം നല്‍കിയത് പൊതുമരാമത്ത് മന്ത്രിയാണ്. മുഖ്യമന്ത്രി ഇല്ലാത്ത സമയം ഫ്‌ളോറിന്‍റെ ചുമതല പൊതുമരാമത്ത് മന്ത്രിയെയാണോ എല്‍പ്പിച്ചതെന്ന് പോലും സംശയം തോന്നും.
കഴിഞ്ഞ ദിവസം അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കേണ്ട മറുപടി സ്പീക്കര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ഇന്നലെ നല്‍കിയ കത്തിലെ വാചകങ്ങള്‍ തെറ്റാണ്. ആഭ്യന്തര വകുപ്പിന്‍റെ ഫയല്‍ ഒരിക്കലും ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റിന് പരിശോധിക്കാനാകില്ല. പത്രവാര്‍ത്ത വന്നു എന്നാണ് കത്തില്‍ പറഞ്ഞത്. പത്രവാര്‍ത്ത മാത്രമല്ല, ജയില്‍ സൂപ്രണ്ട് കമ്മീഷണര്‍ക്ക് നല്‍കിയ കത്തും മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ നിന്നും കെ.കെ. രമയുടെ മൊഴിയെടുത്തതും ഉള്‍പ്പെടെ നിരവധി തെളിവുകളുണ്ട്. സര്‍ക്കാരിന് വേണ്ടി സ്പീക്കര്‍ മറുപടി പറഞ്ഞത് അനൗചിത്യമാണ്.
ടി.പി. കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈക്കോടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം മൂന്നിന് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കിയിട്ടും കെ.കെ. രമയുടെ മൊഴി എടുത്ത സാഹര്യത്തെക്കുറിച്ചാണ് പറയേണ്ടത്. ആഭ്യന്തര സെക്രട്ടറിക്കും മീതെ പറക്കുന്ന പരുന്ത് ആരാണ്? അവരാണ് ഭരിക്കുന്നത്. ടിപി വധക്കേസ് ഗൂഢാലോചനയില്‍ പങ്കാളികളായ സിപിഎം നേതാക്കളുടെ പേര് പുറത്തു പറയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയാണ്. അഭ്യൂഹമാണെങ്കില്‍ മൂന്നു സ്റ്റേഷനുകളില്‍ നിന്നും വന്ന് ഒരു എംഎല്‍എയുടെ മൊഴിയെടുക്കുമോ? പിണറായി വിജയന്‍ കസേരയില്‍ ഇരിക്കുമ്പോള്‍ കേരളത്തിലെ പ്രതിപക്ഷമാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന സംശയം ഉണ്ടെങ്കില്‍ ആ കസേരയില്‍ ഇരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ലെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞതിന്‍റെ അര്‍ത്ഥം. കണ്ണൂര്‍ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ പ്രതിപക്ഷം പറഞ്ഞിട്ടാണ് കെ.കെ. രമയുടെ മൊഴിയെടുത്തതെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. അപ്പോള്‍ ആഭ്യന്തരവും ജയിലും ഭരിക്കുന്നത് പ്രതിപക്ഷമാണോ? അങ്ങനെയൊന്നും പറഞ്ഞ് ഞങ്ങളെ വലിയ ആളുകളാക്കരുത്.