ബെഹ്‌റയുടെ ഭാര്യ ട്രാഫിക്കില്‍ കുടുങ്ങി; രണ്ട് എ.സി.പിമാര്‍ക്കും, രണ്ട് സി.ഐമാര്‍ക്കും നില്‍പ്പ് ശിക്ഷ

Jaihind Webdesk
Tuesday, November 19, 2019

loknath-behra-dgp

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യയുടെ യാത്ര വൈകിയതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ. ഗവര്‍ണര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്. തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും രണ്ട് സിഐമാര്‍ക്കും പൊലീസ് ആസ്ഥാനത്ത് ഇന്നലെ അര്‍ദ്ധ രാത്രി വരെ നില്‍പ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നെന്ന് മലയാളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനിയില്‍ എച്ച് ആര്‍ മേധാവിയായ മധുമിത ബെഹ്റ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി കഴക്കൂട്ടം ബൈപ്പാസില്‍ വെച്ച് ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു. ഗവര്‍ണറുടെ വാഹനം കടന്നുപോകുന്നതിന് വേണ്ടി പൊലീസ് ബൈപ്പാസിലും പാളയം-ചാക്ക റോഡിലും വാഹനങ്ങള്‍ തടഞ്ഞിടുകയുണ്ടായി. ഡിജിപിയുടെ ഭാര്യയുടെ വാഹനവും ഇക്കൂട്ടത്തിലുള്ളത് പൊലീസ് ഓഫീസര്‍മാര്‍ക്ക് അറിയുമായിരുന്നില്ല.

ഗവര്‍ണറെ ഗതാഗതക്കുരുക്കില്‍ പെടുത്താതെ വിമാനത്താവളത്തില്‍ എത്തിച്ച ഓഫീസര്‍മാര്‍ക്ക് അധികം വൈകാതെ വിളിയെത്തി. ട്രാഫിക് ചുമതലയുള്ള നാല് ഓഫീസര്‍മാരും അടിയന്തരമായി പൊലീസ് ആസ്ഥാനത്ത് എത്തണമെന്ന് മേലുദ്യോഗസ്ഥര്‍ അറിയിച്ചു. ഡിജിപിയെ നേരില്‍ കാണാനായിരുന്നു നിര്‍ദ്ദേശം. പൊലീസ് ആസ്ഥാനത്ത് എത്തിയ നാലുപേരേയും ലോക്നാഥ് ബെഹ്റ രൂക്ഷമായി ശകാരിച്ചു. ‘നഗരത്തിലെ ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ നാലുപേരും ഇവിടെ ജോലി ചെയ്യേണ്ട ആവശ്യമില്ല’ എന്ന് ഡിജിപി ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. അരമണിക്കൂര്‍ നീണ്ട ശകാരത്തിന് ശേഷം നാലുപേര്‍ക്കും നില്‍പ് ശിക്ഷ വിധിച്ചു. ബെഹ്റ ഓഫീസ് വിട്ട ശേഷവും ഉദ്യോഗസ്ഥര്‍ക്ക് പോകാന്‍ അനുമതിയില്ലായിരുന്നു. പൊലീസ് സംഘടനാ നേതാക്കളും മേലുദ്യോഗസ്ഥരും നടത്തിയ ഇടപെടലിനേത്തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെയാണ് നാലുപേരും മോചിതരായത്.