പ്രശസ്ത സംവിധായകൻ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

Jaihind Webdesk
Friday, December 24, 2021

 

 

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെഎസ് സേതുമാധവൻ (90) അന്തരിച്ചു. ചെന്നൈയിലെ കോടമ്പാക്കത്തെ വീട്ടിലായിരുന്നു അന്ത്യം. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പലതവണ നേടിയിട്ടുള്ള കെ.എസ് സേതുമാധവന്‍ മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു.

1931-ല്‍ സുബ്രഹ്‌മണ്യന്‍-ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട്ടാണ് സേതുമാധവന്‍റെ ജനനം. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബയോളജിയില്‍ ബിരുദമെടുത്ത സേതുമാധവന്‍ കെ രാംനാഥിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറായാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രമുഖ സംവിധായകരായ എല്‍വി പ്രസാദ്, എഎസ്എ സ്വാമി, സുന്ദര്‍ റാവു തുടങ്ങി നിരവധി സംവിധായകരുടെയൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു.

1951ൽ പുറത്തിറങ്ങിയ സേലം തിയേറ്റേഴ്‌സിന്‍റെ മമയോഗി എന്ന ചിത്രത്തിൽ രാമനാഥന്‍റെ സഹായിയായാണ് തുടക്കം. സിംഹള ചിത്രമായ വീരവിജയത്തിലൂടെ 1961ൽ സ്വതന്ത്ര സംവിധായകനായി.  1961ൽ പുറത്തിറങ്ങിയ ജ്‌ഞാനസുന്ദരിയായിരുന്നു ആദ്യ മലയാള ചിത്രം.  കമൽ ഹാസനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്നത് സേതുമാധവന്‍റെ ‘കണ്ണും കരളും’ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ്. പിന്നീട് കന്യാകുമാരി എന്ന ചിത്രത്തിലൂടെ യുവാവായ കമല്‍ ഹാസനെ വീണ്ടും മലയാളത്തിലെത്തിച്ചതും സേതുമാധവനാണ്. 1971 ല്‍ സേതുമാധവന്‍റെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്‌. എംടിയുടെ തിരക്കഥയില്‍ ഒരുക്കിയ വേനല്‍ക്കിനാവുകള്‍ (1991) ആണ് അവസാന മലയാള ചിത്രം.

നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. 2010ൽ ജെഡിഡാനിയൽ പുരസ്കാരം ലഭിച്ചു. ഒന്നിലധികം പ്രാവശ്യം ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര പഠനം പൂർത്തിയാക്കാതെ തന്നെ മലയാളത്തിലെ മുൻനിര സംവിധായകരിലേക്ക് ഉയർത്തപ്പെട്ടവരിൽ പ്രമുഖനായിരുന്നു കെഎസ് സേതുമാധവൻ.

കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍

1) ജ്‌ഞാനസുന്ദരി (1961)
2) കണ്ണും കരളും (1962)
3) സുശീല (1963)
4) നിത്യകന്യക (1963)
5) ഓമനക്കുട്ടൻ (1964)
6) മണവാട്ടി (1964)
7) അന്ന (1964)
8) ഓടയിൽനിന്ന് (1965)
9) ദാഹം (1965)
10) സ്‌ഥാനാർത്ഥി സാറാമ്മ (1966)
11) റൗഡി (1966)
12) അർച്ചന (1966)
13) ഒള്ളതു മതി (1967)
14) നാടൻ പെണ്ണ് (1967)
15) കോട്ടയം കൊലക്കേസ് (1967)
16) യക്ഷി (1968)
17) തോക്കുകൾ കഥ പറയുന്നു (1968)
18) പാൽമണം (തമിഴ്) (1968)
19) ഭാര്യമാർ സൂക്ഷിക്കുക (1968)
20) കൂട്ടുകുടുംബം (1969)
21) കടൽപ്പാലം (1969)
22) അടിമകൾ (1969)
23) വാഴ്വേമായം (1970)
24)മിണ്ടാപ്പെണ്ണ് (1970 )
25)കുറ്റവാളി (1970)
26) കൽപ്പന (1970)
27) അമ്മ എന്ന സ്‌ത്രീ (1970)
28) അരനാഴികനേരം (1970)
29) തെറ്റ് (1971)
30)ഒരു പെണ്ണിന്റെ കഥ (1971)
31)ലൈൻ ബസ്സ് (1971)
32)കരകാണാക്കടൽ (1971)
33)ഇങ്ക്വിലാബ് സിന്ദാബാദ് (1971)
34)അനുഭവങ്ങൾ പാളിച്ചകൾ (1971)
35)പുനർജൻമം (1972)
36)ദേവി (1972)
37)അച്‌ഛനും ബാപ്പയും (1972)
38)ആദ്യത്തെ കഥ (1972)
39)പണിതീരാത്ത വീട് (1973)
40)കലിയുഗം (1973)
41)ചുക്ക് (1973)
42)അഴകുള്ള സെലീന (1973)
43)കന്യാകുമാരി (1974)
44)ജീവിക്കാൻ മറന്നുപോയ സ്‌ത്രീ (1974)
45)ചട്ടക്കാരി (1974)
46)മക്കൾ (1975)
47)ചുവന്ന സന്‌ധ്യകൾ (1975)
48)ജൂലി (ഹിന്ദി) (1975)
49)പ്രിയംവദ (1976)
50)ഓർമ്മകൾ മരിക്കുമോ (1977)
51)അമ്മേ അനുപമേ (1977)
52)യെ ഹെ സിന്തഗി (ഹിന്ദി) (1977)
53)നക്ഷത്രങ്ങളെ കാവൽ (1978)
54)ഓപ്പോൾ (1981)
55)അഫ്‌സാന ദോ ദിലോംകാ (ഹിന്ദി) (1982)
56)സിന്ദഗി ജീനേ കേലിയേ (ഹിന്ദി) (1984)
57)അറിയാത്ത വീഥികൾ (1984)
58)ആരോരുമറിയാതെ (1984)
59)അവിടുത്തെപ്പോലെ ഇവിടെയും (1985)
60)സുനിൽ വയസ്സ് 20 (1986)
61)വേനൽക്കിനാവുകൾ (1991)
62)മറുപക്കം (തമിഴ്) (1991)
63)നമ്മവർ (തമിഴ്) (1994)
64)സ്‌ത്രീ (തെലുങ്ക്) (1995)